സ്വന്തം ലേഖകന്‍
പ്രളയനാന്തര കേരള പുനര്‍നിര്‍മാണത്തിന് സാമ്പത്തികസഹായവും പുത്തന്‍ ആശയങ്ങളും കണ്ടെത്താന്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി ഇന്ന് വികസന സംഗമം നടക്കും. അന്തര്‍ദേശീയ ദേശീയ ധനകാര്യ ഏജന്‍സികളുടെ വായ്പകളും സാമ്പത്തിക സാങ്കേതികസഹായങ്ങളും തുടര്‍ന്നും ലഭ്യമാക്കുകയാണ് ലക്ഷ്യം. വൈകിട്ട് മൂന്നുമുതല്‍ കോവളം ലീലാ റാവിസില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരളനിര്‍മാണ കര്‍മപദ്ധതി വിശദീകരിച്ച് സംസാരിക്കും.
കേരള പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായുള്ള അടിസ്ഥാന ആവശ്യങ്ങള്‍ കോണ്‍ക്ലേവില്‍ അവതരിപ്പിക്കുകയും അതിനാവശ്യമായ തുക വിവിധ വികസന പങ്കാളികളില്‍നിന്ന് നേടിയെടുക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. വിവിധ മേഖലകള്‍ തിരിച്ചുള്ള ധനകാര്യചര്‍ച്ചകള്‍ കോണ്‍ക്ലേവില്‍ നടക്കും.
അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത (ജലവിഭവം), ടി.കെ. ജോസ് (തദ്ദേശസ്വയംഭരണം), ദേവേന്ദ്രകുമാര്‍ സിങ് (കൃഷി), സത്യജീത് രാജന്‍ (വനംവന്യജീവി), പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ കമലവര്‍ധന റാവു (പൊതുമരാമത്ത്), കെ. ആര്‍. ജ്യോതിലാല്‍ (ഗതാഗതം, മത്സ്യബന്ധനം) എന്നിവര്‍ മേഖലകള്‍ തിരിച്ച് വിഷയാവതരണം നടത്തും. ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക്, ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോ ഓപറേഷന്‍ എജന്‍സി (ജിക്ക), ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍റര്‍നാഷണല്‍ ഡെവലപ്മെന്‍റ് (ഡി.ഐ.എഫ്.ഡി), ഫ്രഞ്ച് ഡെവലപ്മെന്‍റ് ഏജന്‍സി (എ.എഫ്.ഡി), യു.എന്‍.ഡി.പി, ജര്‍മന്‍ ഡെവലപ്മെന്‍റ് എയ്ഡ് , ഹഡ്കോ, റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ഫണ്ട് (ആര്‍.ഐ.ഡി.എഫ്), ന്യൂ ഡെവലപ്മെന്‍റ് ബാങ്ക് തുടങ്ങിയവ ദേശീയ, അന്തര്‍ദേശീയ വികസന പങ്കാളികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
മേഖലതിരിച്ചുള്ള അവതരണങ്ങളിലൂടെ പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ഏതൊക്കെ മേഖലകളില്‍ സാധ്യമായ വിഭവ സമാഹരണവും സാമ്പത്തിക സഹായവും ലഭ്യമാക്കാനാവുമെന്ന കാര്യങ്ങള്‍ ഈ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനാകും.ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം ആശംസിക്കും. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ ഡോ. വി.വേണു കേരള പുനര്‍നിര്‍മാണ പദ്ധതിയെക്കുറിച്ചും പ്രളയാനന്തര ആവശ്യകതകളെപ്പറ്റിയും ആമുഖപ്രഭാഷണം നടത്തും.

