സ്വന്തം ലേഖകന്‍
കേരള പുനര്‍നിര്‍മാണത്തില്‍ 984 കോടി രൂപയുടെ പൊതുശുചിത്വ പദ്ധതികള്‍. ബയോപാര്‍ക്ക്, കേന്ദ്രീകൃത, വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍, സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍, സെപ്റ്റേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍, ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശാക്തീകരണം, ഇ വേസ്റ്റ് മാനേജ്മെന്‍റ്, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, ഗ്ലാസ് മാലിന്യങ്ങളുടെ പുനചംക്രമണം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാലിന്യ ശേഖരണ സംവിധാനം, അജൈവമാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള കേന്ദ്രങ്ങളും യന്ത്രവത്കൃത സംവിധാനങ്ങളും പോലെയുള്ള പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്നത്.
വികേന്ദ്രീകൃത എസ്. ടി. പികള്‍ക്കും ഇ. ടി. പികള്‍ക്കുമായി 362 കോടി രൂപയുടെ പദ്ധതികളും ബയോ പാര്‍ക്കുകള്‍ക്കായി 245 കോടി രൂപയുടെ പദ്ധതികളുമാണ് സംസ്ഥാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇവയുടെ പ്രവര്‍ത്തന മേല്‍നോട്ടം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള തുകയും പ്രത്യേകമായി നീക്കിവയ്ക്കാനാണ് തീരുമാനം. സംസ്ഥാനത്തെ നഗരമേഖല 98.86 ശതമാനവും വെളിസ്ഥല വിസര്‍ജ്ജന മുക്തമായെങ്കിലും സീവേജ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളത് 20 ശതമാനം ടോയിലറ്റുകള്‍ മാത്രമാണ്. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനം ഗ്രാമങ്ങളിലുമില്ല.
നഗരമേഖലയില്‍ 34 എസ്. ടി. പികളും ഗ്രാമീണ മേഖലയില്‍ 44 എണ്ണവും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. റീബില്‍ഡ് കേരള പദ്ധതിയിലൂടെ കക്കൂസ് മാലിന്യ സംസ്കരണത്തിന് സ്ഥിരം പരിഹാരം കാണാനാണ് ശ്രമം.കേരളത്തിലെ 95149 ടോയിലറ്റുകള്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. നാലു ലക്ഷം പേരാണ് ഇതോടെ ദുരിതത്തിലായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്രിക് ടാങ്കുകളും ലീച്ച് പിറ്റുകളും പൂര്‍ണമായി തകര്‍തോടെ ടോയിലറ്റുകള്‍ ഉപയോഗശൂന്യമാവുകയായിരുന്നു.

