സ്വന്തം ലേഖകന്‍
ഇലക്ട്രിക് വാഹനങ്ങള്‍ ചര്‍ച്ചയാവുന്നതിനിടെ സോളാറില്‍ ഓടുന്ന മോട്ടോര്‍ സൈക്കിള്‍ നിര്‍മിച്ച് പുതുവഴി കാണിക്കുകയാണ് കളമശേരിക്കാരന്‍ സി എ സേവ്യര്‍. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്‍വാങ്ങാന്‍ സേവ്യര്‍ തയ്യാറായിരുന്നില്ല. ആദ്യം 12 വോള്‍ട്ടിന്‍റെ മൂന്ന് സോളാര്‍ പാനലുകള്‍ വാങ്ങി. സൈക്കിള്‍ ഷോപ്പുകാരുടെയും വെല്‍ഡറുടെയും സഹായത്തോടെ സോളാര്‍ പാനലുകള്‍ സൈക്കിളിന് മുകളിലും 36 വോള്‍ട്ട് ബാറ്ററിയും മോട്ടോറും സൈക്കിളിന് നടുവിലും സ്ഥാപിച്ചു. മേല്‍ക്കൂരയും തയ്യാറാക്കിയിരുന്നു.
എന്നാല്‍ അല്‍പദൂരം മുന്നോട്ട് നീങ്ങിയപ്പോള്‍ ബാറ്ററി തീര്‍ന്ന് സൈക്കിള്‍ നിന്നു. ഇതോടെ മൂന്ന് സോളാര്‍ പാനലുകള്‍കൂടി സൈക്കിളിന് മുകളിലും പുറകിലുമായി പിടിപ്പിച്ചു. ബാറ്ററിയും മാറ്റിവച്ചെങ്കിലും ഭാരം കൂടിയതിനാല്‍ സൈക്കിളിന്‍റെ അലൂമിനിയം റിമ്മും വീലും വളഞ്ഞു, ടയര്‍ പൊട്ടി. തുടര്‍ന്ന് അലൂമിനിയം റിമ്മിന് പകരം ഇരുമ്പ് റിമ്മും റബര്‍ ടയറിന് പകരം നൈലോണ്‍ ടയറും പിടിപ്പിച്ചു. ഇറ്റാലിയന്‍ ബ്രേക്ക് സിസ്റ്റവും ഘടിപ്പിച്ചു. ഫാനും റേഡിയോയും സ്ഥാപിച്ചു. അതോടെ സൈക്കിള്‍ സോളോര്‍ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളായിമാറി. 60,000 രൂപയുടെ ചെലവില്‍ ഒരു മാസത്തെ പരിശ്രമത്തിലാണ് മോട്ടോര്‍ സൈക്കിള്‍ നിര്‍മിച്ചത്. 20 കിലോമീറ്റര്‍വരെ ബാറ്ററി ചാര്‍ജ് ലഭിക്കും.

