ശുചിത്വസാഗരം പദ്ധതി എല്ലാ തുറമുഖങ്ങളിലേക്കും

സ്വന്തം ലേഖകന്‍

ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നീണ്ടകര ഹാര്‍ബറില്‍ നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് എല്ലാ തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. കടലില്‍ അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യസമ്പത്തിന്‍റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് നീക്കം ചെയ്ത്, സംസ്കരിക്കുന്ന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെയും ലോകസാമ്പത്തികഫോറത്തിന്‍റെയും അനുമോദനം ലഭിച്ചിരുന്നു. 2017 നവംബറിലാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ ഏകദേശം 30 ടണ്ണിലേറെ പ്ളാസ്റ്റിക് മാലിന്യങ്ങളാണ് ബോട്ട് ഉടമാ അസോസിയേഷന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ സംഭരിച്ചത്.

 

ബോട്ടുകള്‍ കടലില്‍ കൊണ്ടുപോയ ഭക്ഷണം, ബേക്കറി സാധനങ്ങള്‍ തുടങ്ങിയവയുടെ കവറുകളും പ്ളാസ്റ്റിക് ഗ്ലാസുകള്‍, കുടിവെള്ളക്കുപ്പികള്‍ ഉള്‍പ്പെടെ വലയില്‍ കുരുങ്ങിയ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ബോട്ടുകള്‍ക്ക് നല്‍കുന്ന പ്രത്യേക ബാഗ് വഴി കരയിലെത്തിക്കുന്നു. പൊതുമരാമത്ത് വകുപ്പ്, ക്ളീന്‍ കേരള മിഷന്‍ എന്നിവയാണ് ഈ പ്ളാസ്റ്റിക് വാങ്ങുന്നത്. സംഭരിച്ച പ്ളാസ്റ്റിക് സംസ്കരിച്ച് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നു. കരയില്‍ കൊണ്ടുവരുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കഴുകിവൃത്തിയാക്കി പ്രത്യേകം സജ്ജീകരിച്ച ഷ്രെഡ്ഡിങ് യൂണിറ്റ് വഴി ചെറുതാക്കിയാണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 20 ടണ്ണോളം പ്ളാസ്റ്റിക് നീണ്ടകരയിലുള്ള ഷ്റെഡ്ഡിംഗ് യൂണിറ്റില്‍ പൊടിച്ചെടുത്ത് റോഡ് നിര്‍മാണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

 

25 സ്ത്രീത്തൊഴിലാളികളാണ് യൂണിറ്റില്‍ പണിയെടുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഏഴ് ശതമാനം പ്ളാസ്റ്റിക് ചേര്‍ത്ത് ടാര്‍ ചെയ്ത കൊല്ലം ജില്ലയിലെ കേരളപുരം പുട്ടാണിമുക്ക് റോഡ് വിജയകരമായി പൂര്‍ത്തീകരിച്ചതിന്‍റെ മാതൃകയില്‍ കൊല്ലത്തെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് റോഡുകള്‍ക്കും ഈ പ്ളാസ്റ്റിക് ഉപയോഗിക്കാന്‍ നടപടിയായിട്ടുണ്ടെന്ന് ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.

 

കടലില്‍ അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യബന്ധന ഉപകരണങ്ങളുടെ നാശത്തിനിടയാക്കുന്നതും മത്സ്യവളര്‍ച്ചയ്ക്കും പ്രത്യുത്പാദനത്തിനും വിഘാതമാകുന്ന രീതിയില്‍ കുമിഞ്ഞുകൂടുന്നതും ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ശുചിത്വസാഗരം പദ്ധതി ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. ലോകത്തിനുതന്നെ മാതൃകയായ പദ്ധതിയായാണ് ഐക്യരാഷ്ട്രസഭയും ലോകസാമ്പത്തികഫോറവും ശുചിത്വസാഗരത്തെ കാണുന്നത്. യു.എന്‍.വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

 

ഫലപ്രാപ്തി പരിഗണിച്ച് കഴിഞ്ഞവര്‍ഷം ശുചിത്വസാഗരം പദ്ധതിക്ക് ദേശീയപുരസ്കാരം ലഭിച്ചിരുന്നു. ദേശീയതലത്തിലെ മികച്ച വിജയഗാഥയ്ക്കുള്ള മറൈന്‍ ബയോളജി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡാണ് പദ്ധതിക്ക് ലഭിച്ചത്. കടല്‍മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനും കടലിന്‍റെ പ്രകൃതിദത്തമായ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനുമുള്ള വിവിധ പദ്ധതികളില്‍നിന്നാണ് ശുചിത്വസാഗരത്തെ തിരഞ്ഞെടുത്തത്.

 

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്, സാഫ് യൂണിറ്റുകള്‍, ശുചിത്വമിഷന്‍, നെറ്റ് ഫിഷ്, മറൈന്‍ പ്രോഡക്ട് എക്സ്പോര്‍ട്ട് ഡവലപ്മെന്‍റ് ഏജന്‍സി എന്നിവ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ സംസ്ഥാനജനതയ്ക്ക് പ്രോട്ടീന്‍ നല്‍കുന്ന മത്സ്യത്തിന്‍റെ ഉത്പാദനപ്രക്രിയയില്‍ വിനാശഫലങ്ങള്‍ സൃഷ്ടിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വലിയ വിപത്തായി മാറുന്ന കാലഘട്ടത്തില്‍ സര്‍ക്കാരിന്‍റെ സാമൂഹിക പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത്.