സ്വന്തം ലേഖകന്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ കമ്പനിയായ മാരുതിയുടെ ലാഭത്തില്‍ വന്‍ ഇടിവ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ അറ്റാദായത്തില്‍ 27.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1376 .8 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2015 .1 കോടി രൂപയായിരുന്നു ലാഭം. വില്‍പ്പനയില്‍ ഉണ്ടായ ഇടിവാണ് ലാഭം കുറയാന്‍ കാരണമെന്ന് കമ്പനി വിശദീകരിച്ചു. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് മാരുതി ഉത്പാദനം 20 ശതമാനം കുറച്ചിരുന്നു.
കഴിഞ്ഞ മാസം ഇന്ത്യയിലെ കാറുകളുടെ ആഭ്യന്തര വില്‍പന 24.97 ശതമാനം കുറഞ്ഞിരുന്നു. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ മാസമാണ് വില്‍പന ഇടിഞ്ഞത്.2019 ജൂണില്‍ 139,628 കാറുകളാണ് വിറ്റത് . 2018 ജൂണില്‍ ഇത് 183,885 ആയിരുന്നു. ഇന്ത്യയില്‍ എല്ലാ തരത്തിലുമുള്ള വാഹനങ്ങളുടെയും വില്‍പന ഈയിടെ കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെ വില്‍പന 11.69 ശതമാനമാണ് ഇടിഞ്ഞത്. 16,49,477 ഇരുചക്രവാഹനങ്ങളാണ് ജൂണില്‍ വില്‍പന നടന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 18,67,884 എണ്ണമായിരുന്നു.

