ദുബൈ - ഷാര്‍ജ റൂട്ടില്‍ ഫെറി സര്‍വീസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍

ദുബൈ - ഷാര്‍ജ റൂട്ടില്‍ ഫെറി സര്‍വീസ് ആരംഭിച്ചു. ദിവസവും 42 സര്‍വീസുകളാണ് ഉണ്ടാവുക. 35 മിനിറ്റാണ് യാത്രാ സമയം. ദുബൈ - ഷാര്‍ജ റൂട്ടിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഫെറി സര്‍വീസ് ആരംഭിച്ചത്. ഒരു യാത്രയില്‍ 125 പേരെയാണ് ഉള്‍കൊള്ളാന്‍ കഴിയുക. സില്‍വര്‍ ക്ലാസ്സിന് 15 ഉം ഗോള്‍ഡ് ക്ലാസ്സിന് 25 ഉം ദിര്‍ഹമാണ് യാത്രാ നിരക്ക്. ദുബൈയിലെ അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വാറിയം മറൈന്‍ സ്റ്റേഷനിലേക്കായിരിക്കും യാത്ര.

 

പുലര്‍ച്ചെ അഞ്ച് മണിക്ക് ഷാര്‍ജയില്‍ നിന്നും 5.15 ന് ദുബൈയില്‍ നിന്നും സര്‍വീസ് ആരംഭിക്കും. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളില്‍ ഓരോ അരമണിക്കൂറിലും സര്‍വീസ് ഉണ്ടാകും. മറ്റ് സമയങ്ങളില്‍ ഒന്നര മണിക്കൂറിന്‍റെ ഇടവേളയുണ്ടാകും. ഷാര്‍ജ സ്റ്റേഷനില്‍ ഫെറി യാത്രക്കാര്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു യാത്ര സൗജന്യമാണ്.