മൊബൈലില്‍ 'നാടന്‍ കളികളൊരുക്കാന്‍' സര്‍ക്കാര്‍

സ്വന്തം ലേഖകന്‍

അക്രമ വാസനയുള്ള മൊബൈല്‍ ഗെയിമുകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മലയാളി തനിമയുള്ള കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി അനിമേഷന്‍ ഗെയിമുകള്‍ തയ്യാറാക്കാന്‍ പദ്ധതി. സാംസ്കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് ഇത് തയ്യാറാക്കുക. വിഷ്വല്‍ ഇഫക്ട്സ് രംഗത്തെ വിദഗ്ധരെയും സ്വകാര്യസംരംഭകരെയും ചേര്‍ത്ത് ഗെയിമുകള്‍ തയ്യാറാക്കും. വിദേശ സാങ്കേതിക സഹായവും ലഭ്യമാക്കും.

 

സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായതോടെ കുട്ടികള്‍ അനിമേഷന്‍ ഗെയിമുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. ബോംബിങ്, വെടിവെപ്പ്, വാഹങ്ങള്‍ ഇടിച്ച് തെറിപ്പിക്കല്‍ പോലെയുള്ള ഗെയിമുകളാണ് നിലവില്‍ ലഭ്യമാവുന്നത്. ഇത് കുട്ടികളില്‍ അക്രമ വാസന വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. കൂടാതെ വ്യക്തിത്വ വൈകല്യത്തിനും ഇടയാക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് നന്മയും ബുദ്ധിവികാസവും ലക്ഷ്യമിട്ടുള്ള ഗെയിമുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ചലച്ചിത്രവികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. അടുത്ത വര്‍ഷത്തോടെ ഗെയിമുകള്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്