സ്വന്തം ലേഖകന്‍
കാപ്പി,തേയില തോട്ടങ്ങള്‍ നിറഞ്ഞ ചിക്കമംഗളൂരുവിലെ പ്രമുഖ കോഫി പ്ലാന്‍റേഷന്‍ ഉടമയുടെ മകനായാണ് വി.ജി.സിദ്ധാര്‍ത്ഥയുടെ ജനനം. മാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷം 1983 ല്‍ ജെ.എം. ഫിനാന്‍ഷ്യലില്‍ മാനേജ്മെന്‍റ് ട്രെയിനിയായാണ് കരിയര്‍ തുടങ്ങിയത്. കാപ്പി സംഭരണം, സംസ്കരണം, കാപ്പി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള കോഫി ബീന്‍സ് റോസ്റ്റിംഗ് എല്ലാമടക്കം 1992ല്‍ സിദ്ധാര്‍ത്ഥ സ്വന്തമായി കോഫി ബിസിനസ് തുടങ്ങി. കോഫി ബിസിനസില്‍ നേടിയ വിജയമാണ് 1996ല്‍ രാജ്യത്തെ ആദ്യ കോഫി കഫേ ബംഗളൂരുവില്‍ തുടങ്ങാന്‍ സിദ്ധാര്‍ത്ഥയ്ക്ക് ആത്മവിശ്വാസം നല്‍കിയത്.
ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിലായിരുന്നു ആദ്യത്തെ കോഫി കഫേ. കോഫി ഡേ ഗ്ലോബല്‍ ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ യഥാര്‍ത്ഥ പേര്. ഒന്നില്‍ നിന്ന് ആറ് രാജ്യങ്ങളിലെ 243 നഗരങ്ങളിലായി 1772 ഔട്ട് ലെറ്റുകളായി കഫേ കോഫി ഡേ വളര്‍ന്നു. 'ഒരു കോഫിയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാം' എന്ന കഫേ കോഫി ഡേയുടെ പരസ്യവാചകം ലോകം മുഴുവന്‍ കേട്ടു. ഒരു വര്‍ഷം 1.8 ബില്യണ്‍ കപ്പ് കാപ്പി കഫേ കോഫി ഡേ യിലൂടെ ലോകം രുചിച്ചു.
കാപ്പി, ചായ, പേസ്ട്രി, പിസ്സ, ബ്രെഡ് തുടങ്ങിയവയായിരുന്നു കഫേ കോഫി ഡേയിലെ സ്പെഷ്യലുകള്‍. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും കഫേ കോഫി ഡേ ഔട്ട് ലെറ്റുകള്‍ വന്നു. ഇന്ത്യയ്ക്ക് പുറമേ ഓസ്ട്രിയ, നേപ്പാള്‍, ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്, മലേഷ്യ രാജ്യങ്ങളിലേക്കും സ്ഥാപനം പടര്‍ന്നു. ബാംഗ്ലൂരിലെ വിത്തല്‍ മല്ല്യ റോഡിലുള്ള കോഫി ഡേ സ്ക്വയറിലെ കമ്പനി ആസ്ഥാനം വിദേശ നിക്ഷേപകരെ കൊണ്ട് നിറഞ്ഞു. ആറ് രാജ്യങ്ങളിലായി 19,943 പേര്‍ക്ക് കമ്പനി നേരിട്ട് ജോലി നല്‍കി.
4,466.79 കോടി രൂപ ആസ്തിയുള്ള കഫേ കോഫി ഡേ തലവനായി ചിക്കമംഗളൂരുവിലെ പ്ലാന്‍റേഷന്‍ ഉടമയുടെ മകന്‍ വളര്‍ന്നു. ആരെയും മോഹിപ്പിക്കുന്ന വളര്‍ച്ച. 127.51 കോടി രൂപയായിരുന്നു 2018 - 19 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ഥിന്‍റെ ബാംഗ്ലൂരിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നതോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നത്. രാഷ്ട്രീയ രംഗത്തുള്ള അദ്ദേഹത്തിന്‍റെ ബന്ധങ്ങള്‍ എതിരാളികളെ ചൊടിപ്പിച്ചിരിക്കുമോ? അവര്‍ അധികാരം ഉപയോഗിച്ച് സിദ്ധാര്‍ത്ഥയെ വേട്ടയാടിയിരിക്കുമോ ? ഇതായിരിക്കുമോ അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ? കാലമാണ് മറുപടി പറയേണ്ടത്.

