വരയ്ക്കാന്‍ അറിയുമോ ? ഗൂഗിള്‍ തരും അഞ്ച് ലക്ഷം

സ്വന്തം ലേഖകന്‍

ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസില്‍ പഠിക്കുന്ന ഇന്ത്യയിലെ കുട്ടികള്‍ക്കായി ശിശുദിനത്തോടനുബന്ധിച്ച് ഗൂഗിള്‍, ഡൂഡില്‍ മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് അഞ്ച് ലക്ഷം രൂപ സ്കോളര്‍ഷിപ്പ് നല്‍കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളെ അഞ്ചു വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരം. ദേശീയതലത്തില്‍ വിജയിക്കുന്ന ഒരാള്‍ക്ക് അഞ്ചു ലക്ഷത്തിന്‍റെ സ്കോളര്‍ഷിപ്പും സ്കൂളിന് രണ്ട് ലക്ഷത്തിന്‍റെ ടെക്നോളജി പാക്കേജും ലഭിക്കും.

 

വിധികര്‍ത്താക്കളുടെ തീരുമാനത്തിനു പുറമെ പൊതുവോട്ടിങ്ങിന്‍റെകൂടി അടിസ്ഥാനത്തിലായിരിക്കും വിജയിയെ തീരുമാനിക്കുക. ഗൂഗിള്‍ വെബ്സൈറ്റില്‍ ലഭിക്കുന്ന പ്രവേശന ഫോം ഡൗണ്‍ലോഡ് ചെയ്ത് കൊറിയറായും ഓണ്‍ലൈനായും ഡൂഡില്‍ സമര്‍പ്പിക്കാം. ഒരാള്‍ക്ക് ഒരുതവണമാത്രമാണ് അപേക്ഷിക്കാനാകുക. തെരഞ്ഞെടുക്കപ്പെടുന്ന 20 ഡൂഡില്‍ ശിശുദിനമായ നവംബര്‍ 14ന് ഗൂഗിള്‍ ഇന്ത്യയുടെ ഹോം പേജില്‍ പ്രദര്‍ശിപ്പിക്കും.