വാഹനം വെള്ളത്തില്‍ മുങ്ങിയാല്‍ എന്ത് ചെയ്യണം ?

സ്വന്തം ലേഖകന്‍

തകര്‍ത്ത് പെയ്യുന്ന മഴ കേരളത്തെ വെള്ളക്കെട്ടാക്കി മാറ്റിയിരിക്കുകയാണ്. വെള്ളത്തില്‍ മുങ്ങി റോഡിലും വഴിയരികിലും കാര്‍ പോര്‍ച്ചിലുമൊക്കെ പെട്ടപോകുന്ന വാഹനങ്ങള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പലരും. വെള്ളത്തില്‍ മുങ്ങിയ വാഹനം ഒരിക്കലും സ്റ്റാര്‍ട് ചെയ്യാന്‍ ശ്രമിക്കരുത്. സൈലന്‍സര്‍ വഴിയും മറ്റും വെള്ളം എഞ്ചിനില്‍ കടന്നിരിക്കും. ഈ സാഹചര്യത്തില്‍ വാഹനം സ്റ്റാര്‍ട് ചെയ്താല്‍ എഞ്ചിന്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമാകാന്‍ സാധ്യത ഏറെയാണ്. കൂടാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതെ വരികയും ചെയ്യും.

 

വെള്ളത്തില്‍ വാഹനം പൂര്‍ണമായി മുങ്ങിയ സാഹചര്യത്തില്‍, വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ, തള്ളിമാറ്റി വെള്ളമില്ലാത്ത സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിക്കുക. അതിനു ശേഷം ബാറ്ററി ടെര്‍മിനലുകള്‍ എത്രയും പെട്ടെന്ന് മാറ്റി, സര്‍വീസ് സഹായം തേടുക. സര്‍വീസ് സെന്‍ററിലേക്ക് വാഹനം കെട്ടിവലിച്ചോ മാറ്റുവാഹനങ്ങളില്‍ കയറ്റിയോ കൊണ്ടു പോകണം. ടാറ്റയുടെ വാഹനമാണെകില്‍ 18002097979 എന്ന നമ്പറില്‍ ഡയല്‍ ചെയ്താല്‍ കമ്പനി തന്നെ വാഹനം സൗജന്യമായി അവരുടെ സര്‍വീസ് സെന്‍ററില്‍ എത്തിക്കും. വണ്ടിയുടെ ഇലക്ട്രിക് പാര്‍ട്സുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നും പരിശോധിക്കണം. 

 

എന്‍ജിനില്‍ വെള്ളം കയറിയാല്‍ ഉടനെ എന്‍ജിന്‍ ഓയില്‍ മാറ്റണം. എയര്‍ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. കാറുകളില്‍ എന്‍ജിന്‍ ഓയില്‍ മാറ്റി നിറച്ചതിന് ശേഷം ജാക്കി വച്ച് മുന്‍ വീലുകള്‍ ഉയര്‍ത്തി ടയര്‍ കൈകൊണ്ട് കറക്കിക്കൊടുക്കുക. ഓയില്‍ എന്‍ജിനില്‍ എല്ലാ ഭാഗത്തും എത്തുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഏകദേശം പതിനഞ്ചു മിനിറ്റുവരെ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുക.

 

വെള്ളത്തിലൂടെ പരമാവധി വാഹനം ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക. എപ്പോഴും എയര്‍ ഫില്‍റ്ററിന് താഴെയാണ് ജല നിരപ്പെന്ന് ഉറപ്പുവരുത്തുക. വണ്ടികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് വെള്ളം കയറുവാന്‍ സാധ്യതയുണ്ടെങ്കില്‍ വണ്ടികളുടെ വിന്‍ഡോ ക്ലോസ് ചെയ്തു ബാറ്ററി ഡിസ്കണക്ര് ചെയ്ത് റിമൂവ് ചെയ്യുന്നത് കൂടുതല്‍ നഷ്ടം ഒഴിവാക്കാന്‍ സഹായിക്കും.