പൂന്തുറയില്‍ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി

സ്വന്തം ലേഖകന്‍

ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ തീരസംരക്ഷണ പദ്ധതിയുടെ പ്രാരംഭ ഘട്ടം 17.80 കോടി രൂപാ ചെലവില്‍ 700 മീറ്റര്‍ നീളത്തില്‍ പൂന്തുറയില്‍ തുടങ്ങും. പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും കണക്കിലെടുത്ത് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. പൂന്തുറ മുതല്‍ ശംഖുമുഖം വരെയുള്ള പ്രദേശങ്ങളിലെ തീരദേശ സംരക്ഷണത്തിനാണ് പദ്ധതി.പൂന്തറ മേഖലയില്‍ തീരസംരക്ഷണത്തിന് നിര്‍മ്മിച്ച കടല്‍മുട്ടും സംരക്ഷണഭിത്തിയും വേണ്ടത്ര ഫലപ്രദമല്ല എന്ന് കണ്ടെത്തിയിരുന്നു. മണല്‍ നിറഞ്ഞ ബീച്ചില്ലാത്തതിനാല്‍ വള്ളങ്ങള്‍ക്ക് കരയ്ക്ക് അടുക്കാന്‍ പ്രയാസം നേരിട്ടിരുന്നു. കടല്‍ ക്ഷോഭിക്കുമ്പോള്‍ മത്സ്യതൊഴിലാളികള്‍ക്ക് വിഴിഞ്ഞം തുറമുഖത്തിനെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്.

 

ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി നടപ്പാക്കുന്നതോടുകൂടി കടല്‍തീരത്ത് നിന്ന് 120 മീറ്റര്‍ അകലത്തില്‍ തന്നെ തിരമാലകള്‍ ബ്രേക്ക് വാട്ടറില്‍ തട്ടി ശക്തി കുറയുന്നതിനാല്‍ കടലാക്രമണം ഉണ്ടാകുകയില്ല. കൂടാതെ തീരത്തിനും ബ്രേക്ക് വാട്ടറിനുമിടയില്‍ തിരമാലകള്‍ക്ക് ശക്തി കുറയുന്നതിനാല്‍ ബീച്ച് രൂപപ്പെടുകയും ചെയ്യും. ഇവിടെ അനായാസം വള്ളങ്ങള്‍ക്ക് കരയ്ക്കടുക്കാം. കരയില്‍ നിന്ന് 120 മീറ്റര്‍ അകലത്തില്‍ തീരത്തിന് സമാന്തരമായാണ് ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ സ്ഥാപിക്കുന്നത്. 100 മീറ്റര്‍ വീതം നീളമുള്ള അഞ്ച് ബ്രേക്ക് വാട്ടറുകളാണ് ആദ്യം സ്ഥാപിക്കുന്നത്. ബ്രേക്ക് വാട്ടറുകള്‍ക്കിടയില്‍ 50 മീറ്റര്‍ അകലം ഉണ്ടായിരിക്കും. വള്ളങ്ങള്‍ക്ക് ഇതിലൂടെ പ്രവേശിക്കാന്‍ കഴിയും.

 

തീരദേശ സംരക്ഷണത്തിനുള്ള കല്ല് ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ജിയോ ട്യൂബ് ഉപയോഗിച്ച് ബ്രേക്ക് വാട്ടര്‍ എന്ന ആശയം സര്‍ക്കാര്‍ പരീക്ഷിക്കുവാന്‍ തീരുമാനിച്ചത്. അഞ്ച് മീറ്റര്‍ വ്യാസവും 20 മീറ്റര്‍ നീളവുമുള്ള പോളി പ്രൊപ്പലിന്‍ ട്യൂബുകളിലാണ് മണല്‍ നിറച്ച് ബ്രേക്ക് വാട്ടര്‍ സ്ഥാപിക്കുന്നത്. ഇത്തരം ട്യൂബുകളുടെ മൂന്ന് അടുക്കുകള്‍ ഒരു ബ്രേക്ക് വാട്ടറില്‍ കാണാം.തമിഴ്നാട്ടിലെ കടലൂര്‍ പേരിയകുളത്ത് ജിയോ ട്യൂബ് ഉപയോഗിച്ച് ബ്രേക്ക് വാട്ടര്‍ നിര്‍മ്മിച്ച് മുന്‍പരിചയമുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയാണ് തീരദേശ വികസന കോര്‍പ്പറേഷന് സാങ്കേതിക സഹായം നല്‍കുന്നത്. ഇതുസംബന്ധിച്ചുള്ള കരാര്‍ എന്‍.ഐ.ഒ.റ്റിയും തീരദേശ കോര്‍പ്പറേഷനും ഒപ്പ് വച്ചിട്ടുണ്ട്. പദ്ധതിയ്ക്കു വേണ്ടിയുള്ള മാതൃകാ പഠനവും എന്‍.ഐ.ഒ.റ്റി യാണ് നിര്‍വഹിച്ചിട്ടുള്ളത്. പൂന്തുറയില്‍ ആരംഭിച്ച് വലിയതുറ, ബീമാപള്ളി, ശംഖുമുഖം മേഖലകളിലെ തീരസംരക്ഷണത്തിന് ഉതകുന്ന രീതിയിലാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.