രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്ത്യന്‍ കറന്‍സി തകര്‍ച്ചയിലേക്ക്

സ്വന്തം ലേഖകന്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ രൂപ തകര്‍ന്നടിയുന്നു. ഇന്ന് രാവിലെ ഒരു ഡോളറിന്‍റെ നിരക്ക് 71 .95 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് അത് 72 രൂപയായി ഉയര്‍ന്നു. രൂപയുടെ മൂല്യം വരും ദിവസങ്ങളില്‍ ഡോളറിനെതിരെ 72.50 ലേക്ക് വരെ ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്.

 

അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന വ്യാപാര സംഘര്‍ഷങ്ങളും രാജ്യത്ത് ആഭ്യന്തരമായി വളര്‍ന്നുവരുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങളുമാണ് പ്രധാനമായും ഇന്ത്യന്‍ രൂപയ്ക്ക് വിനയാകുന്നത്. ഏഷ്യന്‍ വിപണികളില്‍ തുടരുന്ന വില്‍പ്പന സമ്മര്‍ദ്ദവും ഇന്ത്യന്‍ കറന്‍സിയെ മൂല്യത്തകര്‍ച്ചയിലേക്ക് തള്ളിവിടുന്നു. ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ ഇടിവ് തുടരുകയാണ്. ബിഎസ്ഇ സെന്‍സെക്സ് ഇന്ന് 250 പോയിന്‍റ് ഇടിഞ്ഞ് 36,197 ലേക്ക് എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 65 പോയിന്‍റ് ഇടിഞ്ഞ് 10,675 എന്ന താഴ്ന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം.