ദുരന്തം ഉണ്ടാക്കുന്ന ഗൂഗിള്‍ മാപ്പ്

മുരളി തുമ്മാരുകുടി

പെരുമ്പാവൂര്‍ നഗരത്തിലെ തിരക്കില്‍ നിന്നും മാറിയാണ് ഞാന്‍ വീട് വെച്ചിരിക്കുന്നത്. ചെറിയൊരു വഴിയാണ് അങ്ങോട്ടുള്ളത്. അവിടെ ജീവിക്കുന്നവര്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്, പത്തിലൊരു വീട്ടില്‍ പോലും കാറില്ല. യാതൊരു തിരക്കുമില്ലാതെ നടക്കാനും സൈക്കിള്‍ ഓടിക്കാനും പറ്റുന്ന സ്ഥലം. അതൊക്കെ കണ്ടാണ് അവിടെ വീട് വെച്ചതും. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്ഥിതി മാറി, ഞങ്ങളുടെ വഴിയില്‍ വാഹനങ്ങളുടെ വലിയ തിരക്കാണ്. അവിടെ താമസിക്കുന്നവരുടെ എണ്ണമോ സാമ്പത്തിക ശേഷിയോ കൂടിയിട്ടില്ല, പിന്നെ ഇതെങ്ങനെ സംഭവിക്കുന്നു?

 

അന്വേഷണം എത്തി നില്‍ക്കുന്നത് ഗൂഗിള്‍ മാപ്പില്‍ ആണ്. ആലുവ മൂന്നാര്‍ റോഡും മെയിന്‍ സെന്‍ട്രല്‍ റോഡും (എം സി റോഡും) സന്ധിക്കുന്ന നഗരമാണ് പെരുമ്പാവൂര്‍. അവിടെ നഗരത്തില്‍ ഒരു ബൈപാസ്സ് റോഡോ ഈ രണ്ടു പ്രധാന പാതകള്‍ സന്ധിക്കുന്നിടത്ത് ഒരു ഫ്ലൈ ഓവറോ ഇല്ല. പെരുമ്പാവൂര്‍ നഗര ഹൃദയമായ ഒരു കിലോമീറ്റര്‍ കടന്നു കിട്ടാന്‍ ഒരു മണിക്കൂര്‍ എടുക്കുന്നത് ഇപ്പോള്‍ അസാധാരണമല്ല. എന്തുകൊണ്ടാണ് പെരുമ്പാവൂരിന് വേണ്ടി പദ്ധതികള്‍ ഉണ്ടേക്കേണ്ടവര്‍ ഈ നഗരത്തെ ട്രാഫിക്കില്‍ മുക്കി കൊല്ലുന്നതെന്ന് പിന്നെ പറയാം. ഇന്നത്തെ വിഷയം അതല്ല. നഗര ഹൃദയം ട്രാഫിക്കില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ആളുകള്‍ ഇടവഴികള്‍ തേടുകയാണ്, പ്രത്യേകിച്ചും വിമാനത്താവളത്തിലേക്ക് പോകേണ്ടവര്‍. ഗൂഗിള്‍ മാപ്പ് ആ പണി എളുപ്പമാക്കുന്നു. അങ്ങനെയാണ് ഞങ്ങളുടെ വഴി അപ്രഖ്യാപിത ബൈപാസ്സ് ആയിരിക്കുന്നത്.

 

ഏതു വഴിയും ആരും ഉപയോഗിക്കുന്നതില്‍ നിയമപരമായി ഒരു തെറ്റുമില്ല. പക്ഷെ ഒട്ടും പരിചയമില്ലാത്ത വഴികളില്‍ കൂടി ആളുകള്‍ ഗൂഗിള്‍ സഹായത്തോടെ വണ്ടി ഓടിച്ചു വരുമ്പോള്‍ അപകട സാധ്യത കൂടുന്നു. വഴിയോട് ഡ്രൈവര്‍മാരും, കൂടി വരുന്ന ട്രാഫിക്കിനോട് നാട്ടുകാരും പരിചയപ്പെട്ടിട്ടില്ല. നിലവില്‍ കാറുകള്‍ മാത്രമാണ് ഗൂഗിളിലേക്ക് തിരിഞ്ഞിരിക്കുന്നത്. വലിയ വാഹനങ്ങള്‍ കൂടി ഗൂഗിള്‍ മാപ്പില്‍ എത്തുന്നതോടെ അപകട സാധ്യത പലമടങ്ങാവും. ഇത് വരെ ഒരു മേജര്‍ അപകടവും നടന്നിട്ടില്ലാത്ത ഞങ്ങളുടെ വഴിയില്‍ അപകട മരണം സംഭവിക്കാന്‍ ഇനി അധികം സമയം വേണ്ട. ആ വഴിയുള്ള നടപ്പൊക്കെ ഞാന്‍ ഇത്തവണ കൊണ്ട് നിറുത്തി. സൈക്കിള്‍ ചിന്തിക്കുക കൂടി വേണ്ട. പക്ഷെ ഭൂരിഭാഗം നാട്ടുകാരുടെ കാര്യം അതല്ലല്ലോ.

 

ഇത് പെരുമ്പാവൂരിലെ മാത്രം കാര്യമല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ഗൂഗിള്‍ മാപ്പ് പുതിയ ബൈ പാസ്സുകളും കുറുക്കു വഴികളും ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ആ വഴിയില്‍ ഉള്ളവരും വാഹനം ഓടിക്കുന്നവരും ഈ മാറ്റം മനസ്സിലാക്കിയിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം, കൂടുതല്‍ വാഹനങ്ങള്‍ ഒരു വഴി വരുന്നുണ്ടെങ്കില്‍ കൂടുതല്‍ സൈന്‍ ബോര്‍ഡുകളും, വളവും തിരിവും തിരിച്ചറിയാനുള്ള റിഫ്ലെക്ടറുകളും, വഴി അവസാനിക്കുന്ന സ്ഥലം ഉണ്ടെങ്കില്‍ അവിടെ എന്തെങ്കിലും പ്രതിരോധവും ഉണ്ടാക്കിവെക്കണം. ഇല്ലെങ്കില്‍ അപകടങ്ങളുണ്ടാകും, വാഹനങ്ങള്‍ പാടത്തും തോട്ടിലും വീഴും, ആളുകളുടെ ജീവന്‍ പോകും. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ ഇടവഴികളിലേക്ക് കയറുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ വണ്ടി ഓടിക്കണം. രാത്രി ആയാല്‍ ഗൂഗിള്‍ മാപ്പ് വേണ്ടെന്ന് വെക്കുന്നതാണ് കൂടുതല്‍ ബുദ്ധി.

 

ഇതൊന്നും സാങ്കേതിക വിദ്യയുടെ കുറ്റമല്ല. നേരിട്ടുള്ള വഴികളില്‍ ഗതാഗതം സുഗമമാക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. പക്ഷെ, വഴിവാണിഭക്കാരുടെ ചിന്താഗതിയാണ് നമ്മുടെ നഗരങ്ങളിലെ പ്രമുഖ കച്ചവടക്കാര്‍ക്ക് പോലും. പരമാവധി വാഹനങ്ങള്‍ അവരുടെ മുന്‍പില്‍ കൂടെ കടന്നു പോകുന്നതാണ് ശരിയായ ബിസിനസ്സ് തന്ത്രം എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് കടക്ക് മുന്നിലൂടെ ട്രാഫിക്ക് കുറയുന്ന എല്ലാ പരിഷ്കാരങ്ങളും അവര്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നു. ലോക്കല്‍ രാഷ്ട്രീയത്തിലെ മൂവേഴ്സും ഷെക്കേഴ്സും ഒക്കെ തന്നെ ഇത്തരം കച്ചവടക്കാരായതിനാല്‍ അതിനെതിരെ ശക്തമായ സ്റ്റാന്‍ഡ് എടുക്കാന്‍ ലോക്കല്‍ രാഷ്ട്രീയക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിയുന്നുമില്ല. ഇതും ഒരു പെരുമ്പാവൂര്‍ സ്റ്റോറി അല്ല, കേരളത്തിലെ നഗര വികസനത്തിന്‍റെ ട്രാജഡി ആണ്.