വിറ്റസാധനം തിരിച്ചെടുക്കില്ലെന്ന അറിയിപ്പ് പാടില്ല: ഹൈക്കോടതി

സ്വന്തം ലേഖകന്‍

വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന 'വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല' എന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി. ഇത്തരം അറിയിപ്പുകള്‍ക്കെതിരേയുള്ള ഗവ. ഉത്തരവ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിയാല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

 

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാന്‍റീനില്‍ നിന്ന് നല്‍കിയ ബില്ലില്‍ 'വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല' എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ഗുണമേന്മയില്ലാത്ത ഉത്പന്നം മാറി ലഭിക്കാനുള്ള ഉപഭോക്താവിന്‍റെ അവകാശത്തിന്‍റെ ലംഘനമാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ ഉപഭോക്തൃ വിജിലന്‍സ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഹര്‍ജി നല്‍കിയിരുന്നു. പരാതി പരിശോധിച്ച എറണാകുളം വിജിലന്‍സ് ഫോറത്തിന്‍റെ വാദം അംഗീകരിച്ചു.

 

ഇതിനെതിരേ സിയാല്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ അപ്പീല്‍ നല്‍കി. സംസ്ഥാന കമ്മീഷന്‍ അപ്പീല്‍ തള്ളുകയും കേസ് നടത്തിപ്പ് ചെലവ് പതിനായിരം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സിയാല്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയാണ് തള്ളിയത്. ഏഴുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയുടെ വിധി.