സംസ്ഥാനത്തെ വായനശാലകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും

സ്വന്തം ലേഖകന്‍

സംസ്ഥാനത്തെ എല്ലാ വായനശാലകളിലും ലൈബ്രറികളിലും വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്‍. പായത്ത് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ലൈബ്രറി ആന്‍റ് റീഡിംഗ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വായനശാലകളും ലൈബ്രറികളും ഇപ്പോഴും സജീവമാണ്. വൈഫൈ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ ആളുകള്‍ ലൈബ്രറികളിലേക്ക് ആകര്‍ഷിക്കപ്പെടും. ഇതിലൂടെ ഇ-വായന ശക്തിപ്പെടും. പുതു തലമുറ ഇപ്പോള്‍ തന്നെ ഇ-വായനയില്‍ സജീവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഇന്‍റര്‍നെറ്റ് തെറ്റായും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് ഗൗരവതരമായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പ്രളയത്തെ നമ്മള്‍ ഒറ്റക്കെട്ടായി അതിജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ നാടിനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ ചിലര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ലോകബാങ്ക് സഹായമായ 30 ലക്ഷം രൂപ ഉള്‍പ്പെടെ 70 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റല്‍ ലൈബ്രറി ഒരുക്കിയിരിക്കുന്നത്.

 

സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി ജില്ലയിയില്‍ തന്നെ നിര്‍മ്മിച്ച സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ലൈബ്രറിയുടെ ഡിജിറ്റലൈസേഷന്‍ സാധ്യമാക്കിയത്. ലൈബ്രറിയില്‍ അംഗത്വമുള്ളവര്‍ക്ക് ലോകത്തെവിടെ നിന്നും ഓണ്‍ലൈനായി പുസ്തകങ്ങള്‍ വായിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. അതിനായി അംഗങ്ങള്‍ക്ക് യൂസര്‍ ഐഡിയും പാസ്വേര്‍ഡും നല്‍കും. സര്‍ക്കാര്‍ സേവന കേന്ദ്രമായി പ്രവര്‍ത്തിക്കുക, അവശ്യ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കുക, സാധാരണക്കാരുടെ ക്രിയാത്മക സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്. ഒരേ സമയത്ത് 50 പേര്‍ക്ക് ഇരിക്കാവുന്ന മിനി തീയറ്ററായും ഡിജിറ്റല്‍ ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കും.