സ്വന്തം ലേഖകന്‍
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട നിലമ്പൂരിലെ പോത്ത്കല്ലു നിവാസികള്‍ക്ക് മാജിക്കിലൂടെ ആത്മവിശ്വാസം പകര്‍ന്ന് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. പ്രളയ മേഖലയിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയിലാണ് 'വാച്ച് യുവര്‍ വാച്ച്' എന്ന പേരില്‍ മാന്ത്രികവിദ്യ അരങ്ങേറിയത്. ഉദ്ഘാടകന്‍ മന്ത്രി കെ.ടി. ജലീലായിരുന്നു. മന്ത്രിയുടെ വാച്ച് ജില്ലാ പഞ്ചായത്തംഗം ഒ.ടി. ജെയിംസ് തൂവാലയില്‍ പൊതിഞ്ഞ് സ്റ്റേജിലെ പെട്ടിയില്‍ നിക്ഷേപിച്ചെങ്കിലും വാച്ച് കണ്ടെടുത്തത് സദസ്സിലെ മറ്റൊരു പെട്ടിയില്‍നിന്ന്. ഭാവനയാണ് വിജ്ഞാനത്തെക്കാള്‍ പ്രധാനമെന്നും വിഷയങ്ങള്‍ ഭാവനയില്‍ കാണാന്‍വിധം വിദ്യാര്‍ഥിയെ പ്രചോദിപ്പിക്കണമെന്നും മുതുകാട് പറഞ്ഞു.
പ്രളയകാലത്ത് ചരിത്രം വായിച്ചിരിക്കാനല്ല ചരിത്രം രചിക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. പോത്ത്കല്ല് കത്തോലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ വി.സുധാകരന്‍, ഒ.ടി. ജെയിംസ്, ബ്ലോക്ക് പ്രസിഡന്‍റ് പി.പി.സുഗുതന്‍, പഞ്ചായത്ത് പ്രസിഡന്‍റ് സി.കരുണാകരന്‍ പിള്ള, ജോസഫ് ജോണ്‍, എം ജി രാമചന്ദ്രന്‍, ആര്‍ഡിഡി സ്നേഹലത, ഫാ.യോഹന്നാന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

