കൊച്ചിയില്‍ ജലമെട്രോ 2020ല്‍ കമ്മീഷന്‍ ചെയ്യും

സ്വന്തം ലേഖകന്‍

ഇന്ത്യയില്‍ ഏറ്റവും ആദ്യം നടപ്പിലാക്കുന്ന നഗര ജലയാത്രാ പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ 2020ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വൈറ്റിലയില്‍ നിര്‍മിച്ച ആദ്യ വാട്ടര്‍ മെട്രോ ടെര്‍മിനല്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. ഇനി 37 സ്റ്റേഷനുകളാണ് നിര്‍മിക്കാനുള്ളത്. ടെര്‍മിനലുകള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ അവസാനഘട്ടത്തിലാണ്. ഇതിനായി ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമി മുഴുവന്‍ കെ.എം.ആര്‍.എലിന് കൈമാറി.സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.

 

കൊച്ചിയുടെ ജലഗതാഗത സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 747 കോടി രൂപ മുതല്‍ മുടക്കുള്ള വാട്ടര്‍ മെട്രോ പദ്ധതി നിര്‍മാണം തുടങ്ങിയത്. വിശാലകൊച്ചി മേഖലയ്ക്കും വേമ്പനാട് കായലിന്‍റെ തീരത്ത് താമസിക്കുന്നവര്‍ക്കും ഏറെ ഗുണമായിരിക്കും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി. വാട്ടര്‍ മെട്രോയ്ക്ക് ആവശ്യമായ ബോട്ടുനിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാലയ്ക്ക് ടെന്‍ഡര്‍ നല്‍കും. 100 യാത്രക്കാര്‍ കയറുന്ന 23 ആധുനിക ബോട്ടുകള്‍ നിര്‍മിക്കാനാണ് കരാര്‍. ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയായ കെഎഫ്ഡബ്ല്യുവിന്‍റെ സഹകരണത്തോടെയാണ് 747 കോടി രൂപ ചെലവഴിക്കുന്ന വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ 19 ടെര്‍മിനലുകളാണ് ഉണ്ടാവുക.