മോട്ടോര്‍ വാഹന നിയമ ഭേദഗതി : പിഴ പകുതിയാക്കും

സ്വന്തം ലേഖകന്‍

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കുള്ള വന്‍ പിഴ പകുതിയായി കുറയ്ക്കും. രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രഗതാഗത മന്ത്രി അറിയിച്ച സാഹചര്യത്തിലാണ് പിഴ പകുതിയായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

 

വര്‍ധിപ്പിച്ച തുക 40-60 ശതമാനം കുറയ്ക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നിവയ്ക്കുള്ള പിഴ കുറയ്ക്കേണ്ടെന്നാണ് ആലോചന. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കാതെ യാത്രചെയ്യുന്നതിനുള്ള പിഴ 1000 എന്നത് 500 രൂപയാക്കിയേക്കും.

 

ഡ്രൈവിങ് ലൈസന്‍സ് കാലാവധി തീര്‍ന്ന് ഒരു ദിവസം കഴിഞ്ഞ് പിടിക്കപ്പെട്ടാല്‍ 10,00 രൂപ ഈടാക്കാനാണ് കേന്ദ്രനിയമം നിര്‍ദേശിക്കുന്നത്. ലൈസന്‍സ് ഒരു വര്‍ഷത്തിനകം പുതുക്കിയില്ലെങ്കില്‍ വീണ്ടും ടെസ്റ്റ് വിജയിക്കണമെന്ന വ്യവസ്ഥയിലും ഇളവ് വന്നേക്കും.ലൈസന്‍സ് കാലാവധി കഴിഞ്ഞാല്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചശേഷം പ്രവാസികള്‍ നാട്ടിലെത്തി പുതുക്കുന്നതാണ് പരിഗണിക്കുന്നത്. കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും അന്തിമനടപടി.