എ.ടി.എം. സേവന നിരക്കുകള്‍ എസ്.ബി.ഐ. പരിഷ്കരിച്ചു

സ്വന്തം ലേഖകന്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എം. ഇടപാടുകള്‍ക്കുള്ള സേവന നിരക്കുകള്‍ പരിഷ്കരിച്ചു. പരിഷ്കരിച്ച നിരക്കുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.പരിഷ്കരിച്ച നിയമപ്രകാരം പ്രതിമാസം എ.ടി.എമ്മിലൂടെ എട്ട് ഇടപാടുകള്‍ക്ക് എസ്.ബി.ഐ. സേവനനിരക്ക് ചുമത്തില്ല. ഇതില്‍ അഞ്ചെണ്ണം എസ്.ബി.ഐ. എ.ടി.എമ്മുകളിലൂടെയും മൂന്നെണ്ണം മറ്റ് എ.ടി.എമ്മുകളിലൂടെയും നടത്താവുന്നതാണ്. ഗ്രാമീണ മേഖലയിലെ അക്കൗണ്ട് ഉടമകള്‍ക്ക് 10 എ.ടി.എം. ഇടപാടുകള്‍ സൗജന്യമാണ്. അഞ്ചെണ്ണം എസ്.ബി.ഐ. എ.ടി.എമ്മുകളിലൂടെയാവണം.

 

സൗജന്യ പരിധി കഴിഞ്ഞാല്‍ അഞ്ച് മുതല്‍ 20 രൂപ വരെയാണ് ഈടാക്കുക. അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സില്ലാതെ ഇടപാട് നടത്തിയാല്‍ 20 രൂപ നല്‍കേണ്ടി വരും. ശമ്പള അക്കൗണ്ട് ഉടമകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി എ.ടി.എമ്മുകള്‍ ഉപയോഗിക്കാം.അക്കൗണ്ടില്‍ ആവശ്യത്തിന് തുകയില്ലാതെ എ.ടി.എം. വഴി പണം ലഭിക്കാതിരുന്നാലും ഇനി മുതല്‍ ചാര്‍ജ് ഈടാക്കും. അക്കൗണ്ടില്‍ ശരാശരി 25,000 രൂപക്ക് മുകളില്‍ ബാലന്‍സുണ്ടെങ്കില്‍ പരിധിയില്ലാതെ എ.ടി.എം ഉപയോഗം സൗജന്യമാണ്.