സ്വന്തം ലേഖകന്‍
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം 2017 ല്‍ കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ ഭൂരഹിത ഭവനരഹിതരായിട്ടുളള 3,37,416 ഗുണഭോക്താക്കളില്‍ ലൈഫ് മാനദണ്ഡ പ്രകാരം അര്‍ഹരായി കണ്ടെത്തുന്ന മുഴുവന്‍ പേര്‍ക്കും ഭവനസമുച്ചയം വഴി ഭവനം നല്‍കുമെന്ന് ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. രേഖകളുടെ അടിസ്ഥാനത്തിലുളള അര്‍ഹതാപരിശോധന സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തീകരിക്കും.
ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളെ പുനരധിവസിപ്പിക്കുവാന്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതിനായി എല്ലാ ജില്ലകളിലും വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുളള 300 ഓളം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആദ്യഘട്ടമായി 85 സ്ഥലങ്ങളിലാണ് ഈ വര്‍ഷം ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. ഇതിനായുളള ഭുമി അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ ഭവന സമുച്ചയങ്ങളില്‍ 7500 ഓളം കുടുംബങ്ങളെ താമസിപ്പിക്കുവാന്‍ കഴിയും. ബാക്കി ലഭ്യമാക്കിയിട്ടുളള സ്ഥലത്തും കൂടുതലായി ഭുമി കണ്ടെത്തി അവിടെയും ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ച് ബാക്കിയുളള അര്‍ഹരായ മുഴുവന്‍ ഭൂരഹിത ഭവനഹരിത കുടുംബങ്ങള്‍ക്കും ഭവനം ലഭ്യമാക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.
ലൈഫ് മിഷന്‍ മാനദണ്ഡപ്രകാരം കണ്ടെത്തിയ സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2021 ഓടെ ഭവനം ലഭ്യമാക്കുന്നതിനുളള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിച്ചുവരികയാണ്. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുബത്തിന് ഒരു വീട് എന്നതാണ് ലൈഫ് ഭവന പദ്ധതിയുടെ അടിസ്ഥാന മാനദണ്ഡം. ഇത്തരത്തില്‍ ഭൂമിയുളള ഭവനരഹിതരായി 2017 ല്‍ കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയില്‍ 1,73,585 ഗുണഭോക്താക്കളെ കണ്ടെത്തി. ഇതില്‍ മാനദണ്ഡപ്രകാരമുളള പരിശോധനയില്‍ 31,393 ഗുണഭോക്താക്കളുടെ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങള്‍ക്ക് സ്വന്തമായി വീടുളളതായും കണ്ടെത്തിയിട്ടുണ്ട്. മാനദണ്ഡപ്രകാരം അര്‍ഹരായ 97,911 ഭൂമിയുളള ഭവന രഹിതരില്‍ 88,794 ഗുണഭോക്താക്കള്‍ ഭവനനിര്‍മാണം ആരംഭിക്കുകയും, 38,185 പേര്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഡിസംബറോടെ ബാക്കിയുളള മുഴുവന്‍ ഗുണഭോക്താക്കളുടെയും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാണ് മിഷന്‍ ലക്ഷ്യമിട്ടിട്ടുളളത്.

