തമിഴ്നാട്ടില്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കും

സ്വന്തം ലേഖകന്‍

തമിഴ്നാട് സര്‍ക്കാര്‍ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചു. നൂറുശതമാനം നികുതിയിളവ് ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍ ഇതിലുണ്ട്. വൈദ്യുത വാഹനങ്ങളുടെ നിര്‍മാണത്തിനും വില്‍പ്പനയ്ക്കും 2030 വരെ ജി.എസ്.ടിയും 2022 വരെ മോട്ടോര്‍ വാഹനനികുതിയും ഉണ്ടാവില്ല. വൈദ്യുത വാഹന നിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ മികച്ച സഹായങ്ങള്‍ നല്‍കും. വീടുകളിലും അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളിലും വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അനുമതി നല്‍കും.

 

നിലവിലുള്ള വാഹന നിര്‍മാണക്കമ്പനികള്‍ക്ക് വൈദ്യുത വാഹന നിര്‍മാണത്തിലേക്ക് മാറുന്നതിന് സഹായം നല്‍കും. വൈദ്യുത വാഹന നിര്‍മാണത്തിനായി മുതല്‍ മുടക്കുന്ന കമ്പനികള്‍ക്ക് 15 ശതമാനം വരെയും ബാറ്ററിയും മറ്റ് അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന കമ്പനികള്‍ക്ക് 20 ശതമാനം വരെയും സബ്സിഡിയുണ്ടാവും. ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ബസുകളില്‍ അഞ്ചുശതമാനം വൈദ്യുത ബസുകളാക്കി നിരത്തിലിറക്കും.