സ്വന്തം ലേഖകന്‍
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാഹുല്‍ ജെയിന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ പങ്കെടുത്ത രാജ്യസഭാ അംഗം പി.വി. അബ്ദുല്‍ വഹാബ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചു. റെയില്‍വെ ഉദ്യോഗസ്ഥര്‍ അനുഭാവ പൂര്‍വ്വമാണ് ആവശ്യങ്ങള്‍ കേട്ടത്. ജനങ്ങളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനുള്ള ന്യായമായ ഈ ആവശ്യങ്ങള്‍ എത്രയും വേഗം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് പി.വി. അബ്ദുല്‍ വഹാബ് പറഞ്ഞു.
യോഗത്തില്‍ പി.വി. അബ്ദുല്‍ വഹാബ് ഉന്നയിച്ച ആവശ്യങ്ങള്‍ ഇവയാണ്:
1 - രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെ ഈ സെക്ഷന്‍ അടച്ചിട്ടിരിക്കുകയാണ്. കേരളത്തില്‍ ഇങ്ങനെയൊരു പാതയില്ല. നിരവധി രാത്രി യാത്രക്കാരാണ് ഇതുമൂലം പ്രയാസം അനുഭവിക്കുന്നത്. റെയില്‍വെ എന്തു ന്യായീകരണം പറഞ്ഞാലും ഇക്കാര്യം നീതീകരിക്കാനാവില്ല. നിലമ്പൂര്‍ വികസനക്കുതിപ്പിന് അനിവാര്യമായ ഒരു കാര്യമാണിത്. രാത്രിയാത്ര അസാധ്യമായതിനാല്‍ ഈ പ്രളയകാലത്ത് നിരവധി പേരാണ് പ്രയാസപ്പെട്ടത്. മലപ്പുറം ജില്ലയുടെ ഹൃദയഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പാത ഇങ്ങനെ അനാഥമായി കിടക്കുന്നത് അനുവദിക്കാനാവില്ല. രാത്രി ട്രെയിന്‍ ഈ റൂട്ടില്‍ അനുവദിക്കണം.
2 - കൊച്ചുവേളി - നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ്സ് രാവിലെ നിലമ്പൂരില്‍ എത്തിയാല്‍ രാത്രി 8.45 വരെ വെറുതെ കിടക്കുകയാണ്. ഇതുപയോഗിച്ച് നിലമ്പൂരില്‍നിന്ന് എറണാകുളം വരെ ഒരു ഡേ എക്സ്പ്രസ്സ് വേണം. പകല്‍ ജോലിക്കും മറ്റും പോകുന്ന നിരവധി പേര്‍ക്ക് ഇത് വലിയ ഉപകാരമാകും. റെയില്‍വെയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതി കൂടിയായി ഇതു മാറും.
3 - നിലമ്പൂരിലെ ജനങ്ങള്‍ക്ക് കിട്ടിയ സൗഭാഗ്യങ്ങളില്‍ ഒന്നാണ് രാജ്യറാണി എക്സ്പ്രസ്സ്. എന്നാല്‍ കൊച്ചുവേളി വരെ മാത്രമാണ് ഇപ്പോള്‍ ഈ ട്രെയിന്‍ പോകുന്നത്. ആര്‍.സി.സിയിലേക്കും മറ്റുമായി തിരുവനന്തപുരത്തു പോകുന്ന രോഗികള്‍ ഇതുകാരണം വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ വരെ നീട്ടിയാലേ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. എന്നാല്‍ അവിടെ നിര്‍ത്തിയിടാന്‍ സ്ഥലമില്ലെന്നാണ് റെയില്‍വെ കാരണമായി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ നാഗര്‍കോവില്‍ വരെയോ അല്ലെങ്കില്‍ പുതുതായി നിര്‍മ്മിക്കുന്ന നേമം ടെര്‍മിനല്‍ വരെയോ നീട്ടി പ്രശ്നം പരിഹരിക്കണം.
4 - കഴിഞ്ഞ വര്‍ഷം റെയില്‍വെ ചെയര്‍മാനോട് നേരിട്ട് ആവശ്യപ്പെട്ട നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ വിസ്റ്റാ ഡോം ടൂറിസ്റ്റ് കോച്ച് എത്രയും പെട്ടെന്ന് നടപ്പാക്കണം. നിലമ്പൂരിലെ ടൂറിസത്തിന് ഏറെ ഉപകാരപ്രദമായ ഒന്നിയിരിക്കും ഇത്. ഇതിനാവശ്യമായ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം.
5 - വാണിയമ്പലം, തുവ്വൂര്‍, മേലാറ്റൂര്‍, പട്ടിക്കാട് സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോമുകള്‍ അപര്യാപ്തമായതുകൊണ്ടാണ് രാജ്യറാണി 13 കോച്ചുകളില്‍ ഒതുങ്ങിയത്. ഈ റൂട്ടിലെ വികസനത്തിന് ആ പ്ലാറ്റ്ഫോമുകള്‍ വിപുലീകരിക്കാനും നവീകരിക്കാനും നടപടി സ്വീകരിക്കണം.
6 - ട്രിച്ചി -പാലക്കാട്-ട്രിച്ചി ഫാസ്റ്റ് പാസഞ്ചര്‍ നിലമ്പൂരിലേക്കു കൂടി നീട്ടണം. നിരവധി യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ട്, ഇത് പരിഹരിക്കാനുള്ള ചെക്കിങ് യൂണിറ്റ് അനുവദിക്കണം.

