വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം നൈപുണ്യവും നേടണം- മുരളി തുമ്മാരുകുടി

സ്വന്തം ലേഖകന്‍

 

വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം വിവിധ മേഖലകളില്‍ നൈപുണ്യവും ആര്‍ജിക്കണമെന്ന് യു.എന്‍.ഇ.പി ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. തിരുവനന്തപുരത്ത് 21-ാം നൂറ്റാണ്ടിലെ തൊഴില്‍ജീവിതമെന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തൊഴില്‍ സംസ്കാരമാണ് ഈ നൂറ്റാണ്ടില്‍ രൂപപ്പെട്ടു വരുന്നത്. തൊഴില്‍ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ പുതുതലമുറ മനസിലാക്കണം. ആജീവനാന്തം ഒരു തൊഴില്‍ എന്നത് മാറി വേറിട്ട മേഖലകളില്‍ ഒന്നിലധികം തൊഴില്‍ എന്ന നിലയിലേക്ക് തൊഴില്‍ സംസ്കാരം രൂപപ്പെട്ടുവരുന്നുണ്ട്.

 

ഒരു ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും മറ്റു ജോലികളില്‍ ഏര്‍പ്പെടുന്ന നിലയിലേക്ക് സമൂഹം മാറിവരുന്നു. വ്യത്യസ്തമായ തൊഴിലുകളില്‍ ഏര്‍പ്പെടേണ്ടതിനാല്‍ കൂടുതല്‍ പ്രാവശ്യം പഠനത്തിലേക്കും തിരിച്ചുപോകേണ്ടതായി വരും. യന്ത്രവത്കരണവും നിര്‍മിതബുദ്ധിയും പല തൊഴിലുകള്‍ക്കും പകരം അവലംബിക്കുന്ന കാലം അടുത്തുതന്നെ ഉണ്ടാകും. ഡ്രൈവര്‍ പോലുള്ള തൊഴിലവസരങ്ങള്‍ ഇല്ലാതാകാനും സാധ്യതയുണ്ട്. ഇത്തരം സാധ്യതകള്‍ മനസ്സിലാക്കി പുതുതലമുറയെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിനായി പ്രാപ്തമാക്കണം. അത്തരത്തില്‍ കരിയര്‍ ഗൈഡന്‍സ് രംഗം മാറേണ്ടതുണ്ടെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. മാതൃഭാഷയ്ക്കു പുറമേ ഇതര ഭാഷകളില്‍ പ്രാവീണ്യം നേടുന്നത് തൊഴില്‍ രംഗം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്തെ കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവിടങ്ങളില്‍ കരിയര്‍ ഗൈഡന്‍സ് ചുമതലയുള്ള അധ്യാപകര്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസെടുക്കുന്നവര്‍ എന്നിവര്‍ക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. പി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മിനി ഡിജോ കാപ്പന്‍, ജോര്‍ജ് ഫ്രാന്‍സിസ് എം. എ., ഡോ. ബി. ഹരിഹരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.