സ്വന്തം ലേഖകന്‍
രാജ്യത്തെ കര്‍ഷകര്‍ക്ക് സഹായം നല്‍കുമ്പോള്‍ അതിനെ സബ്സിഡിയെന്നും കോര്‍പറേറ്റുകള്‍ക്ക് അതേ സഹായം നല്‍കുമ്പോള്‍ വളര്‍ച്ചയ്ക്കുള്ള ഉത്തേജനമെന്നും വിളിക്കുന്നത് വിരോധാഭാസമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും സാമ്പത്തിക വിദഗ്ധനുമായ ഡോ. ദെവിന്ദര്‍ ശര്‍മ പറഞ്ഞു. കേരള നിയമസഭയില്‍ തണല്‍ എന്ന സംഘടനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധിയും കാര്‍ഷിക മേഖലയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്നത് കാര്‍ഷിക മേഖലയ്ക്കാണ്. അതേസമയം കാര്‍ഷിക മേഖല രാജ്യമാകെ ദുരിതത്തിലാണ്. രാജ്യമെമ്പാടും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. അതിനിടയിലും കാര്‍ഷിക മേഖലയെ പുനര്‍ജീവിപ്പിക്കുന്നതിന് കേരളം നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്പന്നങ്ങള്‍ വലിയ തോതില്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്ന റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് കരാര്‍ സൂക്ഷിച്ചു മാത്രമേ ഒപ്പു വയ്ക്കാവൂ. കാര്‍ഷിക മേഖല, പ്രത്യേകിച്ച് മൃഗസംരക്ഷണ മേഖലയാവും ഇതിലൂടെ വലിയ തിരിച്ചടി നേരിടുക. ഇന്ത്യയില്‍ പത്തു കോടി ജനങ്ങളാണ് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നത്. ഒരു പശുവോ എരുമയോ ഉള്ളതിനാലാണ് ഭൂരിപക്ഷം കര്‍ഷകരും പട്ടിണിയില്ലാതെ കഴിയുന്നത്. കരാര്‍ യാഥാത്ഥ്യമായാല്‍ ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് വന്‍ തോതില്‍ കയറ്റിഅയയ്ക്കാന്‍ ന്യൂസിലാന്‍ഡ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ കാത്തിരിക്കുകയാണ്.
കഴിഞ്ഞ നാലു പതിറ്റാണ്ട് കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കര്‍ഷകരുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായില്ലെന്ന് കാണാനാവും. ഇന്ത്യയിലെ പകുതിയോളം സംസ്ഥാനങ്ങളില്‍ ഒരു കര്‍ഷക കുടുംബം വാര്‍ഷിക ശരാശരി വരുമാനമാനമായി നേടുന്നത് 20,000 രൂപ മാത്രമാണ്. കര്‍ഷകരുടെ വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം.വരള്‍ച്ചയും ജലദൗര്‍ലഭ്യവുമാണ് പലപ്പോഴും കൃഷി നഷ്ടമാകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടാറുള്ളത്. എന്നാല്‍ 98 ശതമാനം കൃഷിയിടങ്ങളിലും ജലം ലഭിക്കുന്ന പഞ്ചാബ് പോലെയുള്ള സംസ്ഥാനത്ത് കൃഷി എങ്ങനെ നഷ്ടമാവുന്നെന്നും കര്‍ഷക ആത്മഹത്യ എന്തുകൊണ്ട് സംഭവിക്കുന്നെന്നും പരിശോധിക്കണം.
ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും കര്‍ഷകര്‍ ദുരിതത്തിലാണ്. അടുത്തിടെ അമേരിക്കയിലെ ഒരു കര്‍ഷകന്‍ സ്വന്തം ഫാമിലെ 51 പശുക്കളെ വെടിവച്ചു കൊന്നശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയുണ്ടായി. ആസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലുമെല്ലാം ഇതാണ് അവസ്ഥ. ഭക്ഷ്യവില എപ്പോഴും താഴ്ത്തണമെന്നാണ് അന്താരാഷ്ട്ര ചിന്താഗതി. ഇന്ത്യയ്ക്ക് മാതൃകയാവാന്‍ കേരളത്തിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഭാഷണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷി ഒരു സംസ്കാരമാണോ ബിസിനസാണോയെന്നതാണ് പ്രസക്തമായ ചോദ്യമെന്ന് സ്പീക്കര്‍ പറഞ്ഞു. ആര്‍. സി. ഇ. പി കരാറിനെതിരെ സംസ്ഥാന കൃഷി വകുപ്പ് ശക്തമായി പ്രതിഷേധിക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. എം. എല്‍. എമാര്‍, നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണന്‍നായര്‍, തണല്‍ ഡയറക്ടര്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

