കെ.എസ്.ഇ.ബിയിലൂടെ ഇനി ഇന്‍റര്‍നെറ്റ് കണക്ഷനും

സ്വന്തം ലേഖകന്‍

 

കെ.എസ്.ഇ.ബി. ഇനി ഇന്‍റര്‍നെറ്റ് കണക്ഷനും നല്‍കും. ആറ് മാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാകും. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെഫോണ്‍) എന്ന പേരില്‍ കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും വൈദ്യുതി ബോര്‍ഡും സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. 1,028 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

 

വൈദ്യുതി ബോര്‍ഡിന്‍റെ വിപുലമായ നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്‍റര്‍നെറ്റ് കണക്ഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇ-ഗവേണന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് കേരളത്തില്‍ കെഫോണിനായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 

കെഫോണ്‍ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ 30,000ത്തോളം വരുന്ന സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ നെറ്റ് വര്‍ക്കിലേക്ക് മാറും. ഒപ്പം എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും സൗജന്യമായി ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. പുതിയ വൈദ്യുതികണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഇന്‍റര്‍നെറ്റ് കൂടി ലഭ്യമാക്കും.