ബി.എസ്.എന്‍.എലും എം.ടി.എന്‍.എലും അടച്ചുപൂട്ടാനൊരുങ്ങുന്നു

സ്വന്തം ലേഖകന്‍

 

1.65 ലക്ഷം ജീവനക്കാരുള്ള ബി.എസ്.എന്‍.എലും എം.ടി.എന്‍.എലും അടച്ചു പൂട്ടാനുള്ള ശുപാര്‍ശയുമായി ധനമന്ത്രാലയം. കമ്പനി പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് കമ്പനി അടച്ചുപൂട്ടാന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതലായതിനാലാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് പ്രകാരം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ബി.എസ്.എന്‍.എല്ലിലും എം.ടി എന്‍.എല്ലിലുമായി 74000 കോടി നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ധനമന്ത്രാലയം ഇത് നിരസിക്കുകയും കമ്പനികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു.

 

കമ്പനി അടച്ചുപൂട്ടാന്‍ 95000 കോടി രൂപ വേണ്ടിവരുമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം പറയുന്നത്. എന്നാല്‍ ചെലവ് അത്ര ഉയര്‍ന്നതായിരിക്കില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. എല്ലാ ജീവനക്കാര്‍ക്കും വി.ആര്‍.എസ് നല്‍കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.