ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കി

സ്വന്തം ലേഖകന്‍

 

മോട്ടോര്‍ വാഹന നിയമ ഭേദഗതിയനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കി. പുതിയ ലൈസന്‍സ് എടുക്കുന്നവര്‍ക്ക് നിലവിലുള്ള നടപടിക്രമങ്ങള്‍ തന്നെയാണ് തുടരേണ്ടത്. ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ ലൈസന്‍സ് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുന്‍പ് മുതല്‍ നല്‍കാം. ഇതിന് ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെ അവസരമുണ്ട്.

 

ഇക്കാലയളവില്‍ നിര്‍ദ്ദിഷ്ട ഫീസ് മാത്രം നല്‍കിയാല്‍ മതി. ലൈസന്‍സ് കാലാവധി അവസാനിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിന് ശേഷം പുതുക്കുന്ന ലൈസന്‍സിന് 1100/ രൂപ പിഴ അടക്കണം. ലൈസന്‍സ് കാലാവധിക്ക് ശേഷം രണ്ട് വര്‍ഷം വരെ ഈ പിഴ തുക മതിയാകും. എന്നാല്‍ ഇതിനു ശേഷമുള്ള ഓരോ വര്‍ഷത്തിനും 1000 രൂപ കൂടുതല്‍ പിഴ നല്‍കണം.

 

ലൈസന്‍സ് കാലാവധി അവസാനിച്ച് ഒരു വര്‍ഷത്തിന് ശേഷം പുതുക്കുന്നവര്‍ ലൈസന്‍സ് കോമ്പിറ്റന്‍സി ടെസ്റ്റിന് വിധേയരാകണം. ഈ ടെസ്റ്റിന് ഓരോ ക്ലാസിനും 50/ രൂപ ലേണേഴ്സ് ഫീസും 300/ രൂപ ടെസ്റ്റ് ഫീസും നല്‍കണം. കോമ്പിറ്റന്‍സി ടെസ്റ്റിന് പരാജയപ്പെട്ടാല്‍ ഏഴ് ദിവസത്തിനു ശേഷം വീണ്ടും അടുത്ത ടെസ്റ്റെഴുതാം. ഓരോ ക്ലാസിനും 300/ രൂപ വീതം ഫീസ് അടക്കണം. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്ന ദിവസം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സിന്‍റെ കാലാവധി.

 

സ്വകാര്യ വാഹനങ്ങള്‍ക്ക് 30 വയസില്‍ താഴെയുള്ളവര്‍ക്ക് 40 വയസ്സുവരെയും 30 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 10 വര്‍ഷത്തേക്കും, 50 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 60 വയസ്സുവരെ കാലാവധിയിലുമാണ് ലൈസന്‍സ് പുതുക്കി നല്‍കുന്നത്. ഒരു വര്‍ഷത്തിനുശേഷം ലൈസന്‍സ് പുതുക്കുമ്പോള്‍ ലൈസന്‍സ് കോമ്പിറ്റന്‍സി ടെസ്റ്റ് പാസാകുന്ന അന്ന് മുതല്‍ ലൈസന്‍സ് പുതുക്കി നല്‍കും. ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ലൈസന്‍സ് പുതുക്കണമെന്നും അല്ലാത്ത പക്ഷം ലൈസന്‍സ് കാലാവധിക്ക് ശേഷം പുതുക്കാന്‍ നല്‍കുന്ന തീയതി വരെ ലൈസന്‍സിന് സാധുത ഉണ്ടായിരിക്കുന്നതല്ലെന്നും ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.