സ്വന്തം ലേഖകന്‍
2021ല്‍ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്‍റെ തയ്യാറെടുപ്പുകള്‍ സംസ്ഥാനതല സെന്‍സസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസിന്‍റെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. പത്ത് വര്‍ഷത്തിലൊരിക്കലാണ് കേന്ദ്രസര്‍ക്കാര്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്. രാജ്യത്തിലെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പും സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത് ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുന്നത്. ചീഫ് സെക്രട്ടറി ചെയര്‍മാനും പൊതുഭരണ, റവന്യൂ, പ്ലാനിംഗ്, തദ്ദേശസ്വയംഭരണ, പൊതുവിദ്യാഭ്യാസ, വിവര-സാങ്കേതിക വകുപ്പ് സെക്രട്ടറിമാര്‍, കേന്ദ്ര സര്‍ക്കാരിന്‍റെ സെന്‍സസ് ഡയറക്ടര്‍ എന്നിവര്‍ അംഗംങ്ങളുമായുള്ള കമ്മിറ്റി ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെന്‍സസ് കമ്മിഷണര്‍ ആന്‍ഡ് രജിസ്ട്രാര്‍ ജനറല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സെന്‍സസ് കമ്മിഷണറാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്. രണ്ടു ഘട്ടങ്ങളായാണ് ഇത്തവണ സെന്‍സസ്. ആദ്യ ഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷന്‍ 2020 ഏപ്രില്‍-മെയ് കാലയളവിലും രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി ഒന്‍പത് മുതല്‍ 28 വരെയുമാണ് നടത്തുന്നത്. ഇത്തവണ ഒന്നാംഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങളോടൊപ്പം നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന്‍റെ (എന്‍പിആര്‍) പുതുക്കലും നടത്തുന്നുണ്ട്.
ആദ്യമായി മൊബൈല്‍ ഫോണ്‍ വഴി ആപ്പ് ഉപയോഗിച്ച് വിവര ശേഖരണം നടത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതിനായി വര്‍ദ്ധിപ്പിച്ച ഓണറേറിയമാണ് സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്‍കുക.പൊതുഭരണ വകുപ്പാണ് സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാരാണ് അതത് ജില്ലയിലെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ടത്. അധ്യാപകരെയും മറ്റു സര്‍ക്കാര്‍ ജീവനക്കാരെയുമാണ് പ്രധാനമായും എന്യൂമറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരുമായി നിയമിക്കുന്നത്.

