ജനുവരി മുതല്‍ വയനാട് ജില്ലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം

സ്വന്തം ലേഖകന്‍

 

2020 ജനുവരി ഒന്നുമുതല്‍ വയനാട് ജില്ലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് നിരോധനം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ നവംബര്‍ ഒന്നുമുതല്‍ തുടങ്ങും. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുതലം മുതല്‍ ജില്ലാതലം വരെ മാസ്സ് കാമ്പയിനുകള്‍ സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും കലാപരമായ വിവിധ ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യും. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പ്ലാസ്റ്റിക് നിരോധനം ജില്ലയില്‍ യാഥാര്‍ത്ഥ്യമാക്കുക. അയല്‍ ജില്ലയായ തമിഴ്നാട്ടിലെ നീലഗിരിയില്‍ നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനത്തിനായുള്ള അനുകരണീയ മാതൃകകളും സ്വീകരിക്കും.

 

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണ്ണമായി നിരോധിക്കും. മറ്റു വിഭാഗത്തില്‍പെട്ട പ്ലാസ്റ്റിക്കുകളുടെ ഉപയോഗത്തിനു നിയന്ത്രണമുണ്ടാകും. പ്ലാസ്റ്റികിന് ബദലായി തുണി, കടലാസ് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരണം ശക്തമാക്കും. ജില്ലയ്ക്ക് ആവശ്യമായ തുണി, കടലാസ് ക്യാരി ബാഗുകളടക്കം രണ്ടുമാസത്തിനുള്ളില്‍ ലഭ്യമാക്കും. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നിര്‍ദ്ദേശങ്ങളുണ്ട്. ഇതുകൂടി പരിഗണിച്ച് ജില്ലാതലത്തില്‍ ഉത്തരവിറക്കുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. നിരോധനം ഏര്‍പ്പെടുത്തുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിശദപട്ടിക തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ജില്ലയിലേക്കുള്ള കവാടങ്ങളിലെല്ലാം പ്ലാസ്റ്റിക് നിരോധന സന്ദേശം പകരുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ, പത്ര-മാധ്യമങ്ങള്‍ എന്നിവയിലൂടെ പൊതുജനങ്ങളിലേക്ക് സന്ദേശമെത്തിക്കും. അയല്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കും. ജനുവരി ഒന്നുമുതല്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഇടങ്ങളിലും പ്ലാസ്റ്റിക് കുപ്പിവെള്ളം ഒഴിവാക്കാന്‍ കുടിവെള്ള കിയോസുകള്‍ സ്ഥാപിക്കും. ഡിസംബര്‍ ആദ്യവാരത്തോടെ കുടിവെള്ള കിയോസ് യാഥാര്‍ത്ഥ്യമാക്കാനാണ് തീരുമാനം. വന്യജീവി സങ്കേതങ്ങളില്‍ പ്ലാസ്റ്റിക് കൊണ്ടുപോകുന്നതിന് നിശ്ചിത ചാര്‍ജ്ജീടാക്കി ഡെപോസിറ്റ് സംവിധാനം ഒരുക്കും. ഇവ വനത്തിന് പുറത്തെത്തിയെന്നു ഉറപ്പായാല്‍ മാത്രമേ ഡെപോസിറ്റ് തിരിച്ചു നല്‍കുക. കടകളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടകളില്‍ തന്നെ ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കും.

 

കാമ്പയിന്‍റെ ഭാഗമായി തന്നെ മാലിന്യശേഖരണവും നടത്തും. നിലവില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ സജ്ജമാക്കിയ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുകയും ആവശ്യമാണെങ്കില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും. ഓരോ തദ്ദേശ സ്ഥാപനങ്ങളും ശേഖരിക്കുന്ന മാലിന്യത്തിന്‍റെ അളവ് രേഖപ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാര്‍ഡുതലത്തില്‍ മാലിന്യം കുമിഞ്ഞു കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കാമ്പയിന്‍ ശക്തമാക്കും. ഇതിനായി പഞ്ചായത്തുതലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുകയും ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുകയും ചെയ്യും.

 

ആരെയും നിരോധനം അടിച്ചേല്‍പ്പിക്കില്ല. ആദ്യഘട്ടത്തില്‍ സഹകരണത്തോടെയും പിന്നീട് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. നിലവിലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗ് അടക്കമുള്ള ശേഖരണം വ്യാപാരസ്ഥാപനങ്ങള്‍ ഡിസംബറോടെ വിറ്റഴിക്കണം. കഴിഞ്ഞ രണ്ട് പ്രളയങ്ങളുടെ ഭാഗമായി ജില്ലയില്‍ നിന്നും 800 ടെണ്ണോളം ഖരമാലിന്യം നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനവും പ്രളയത്തിനു ശേഷം പൊതുജനങ്ങളില്‍ വന്ന മനോഭാവവും പ്ലാസ്റ്റിക് നിരോധനത്തിന് അനുകൂലമായ സാഹചര്യമാണുണ്ടാക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ശുചിത്വമിഷന്‍, മാലിന്യനിയന്ത്രണ ബോര്‍ഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.