കേരളത്തിന്‍റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ

സ്വന്തം ലേഖകന്‍

 

സംസ്ഥാനത്തെ വൈദ്യുതി മേഖലയ്ക്ക് വലിയ പ്രോത്സാഹനമായി ഇടമണ്‍-കൊച്ചി പവര്‍ ലൈന്‍ ചാര്‍ജിംഗ് തുടങ്ങി. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാവും. ഇടമണ്‍-കൊച്ചി 400 കെ.വി.ലൈന്‍ (148.3 കി.മീ) പൂര്‍ത്തിയായതോടെ കേരളത്തിന്‍റെ വൈദ്യുതി മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെല്‍വേലി-കൊച്ചി-ഉദുമല്‍പെട്ട് 400 കെ.വി പവര്‍ ഹൈവേ (437 കി.മീ)യാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ കേരളത്തിലെ പ്രസരണ ശൃംഖലയില്‍ ശരാശരി രണ്ടു കിലോ വോള്‍ട്ട് വര്‍ധന സാധ്യമായി.

 

പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് അന്തര്‍സംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയില്‍ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്നും കേരളത്തിന്‍റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ലൈനിലൂടെ ഈ വര്‍ഷം സെപ്തംബര്‍ 25നാണ് വൈദ്യുതി കടത്തിവിട്ടു തുടങ്ങിയത്. കേരളത്തിന്‍റെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാല്‍ സംസ്ഥാനത്തിന്‍റെ വൈദ്യുതി ഉപയോഗം 4350 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി ഇവിടേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈ-വോള്‍ട്ടേജ് വൈദ്യുതി ലൈനുകളുടെ കുറവ് മൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി കൊണ്ടുവരുന്നതിന് ലോഡ് ഡെസ്പാച്ച് സെന്‍ററുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

 

ഇതുവരെ കേരളത്തിന്‍റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. തിരുനെല്‍വേലി-കൊച്ചി ലൈന്‍ പൂര്‍ത്തിയായതോടെ ലൈനുകളുടെ ശേഷി വര്‍ധിച്ചു. ഈ ലൈന്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് കൂടംകുളത്ത് നിന്നും ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമല്‍പെട്ട് വഴി കേരളത്തിലേക്ക് എത്തുമ്പോള്‍ ഏകദേശം 20 മെഗാവാട്ട് (വര്‍ഷം 102 ദശലക്ഷം യൂണിറ്റ്) പ്രസരണ നഷ്ടം സംഭവിച്ചിരുന്നു. പല സമയങ്ങളിലും സംസ്ഥാനത്തിന് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. കൂടാതെ പുറമെ നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകള്‍ പരമാവധി ശേഷിക്ക് അടുത്തുമെത്തിയിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരമായിരിക്കുകയാണ്.

 

148 കി.മീ നീളവും 447 ടവറുകളും ഉള്ള 400 കെ.വി ഇടമണ്‍-കൊച്ചി ലൈന്‍ കൊല്ലം (22 കി.മീ), പത്തനംതിട്ട (47 കി.മീ), കോട്ടയം (51 കി.മീ), എറണാകുളം (28 കി.മീ) ജില്ലകളില്‍ കൂടിയാണ് കടന്നുപോകുന്നത്. 16 മീറ്റര്‍ ഇടനാഴിയുള്ള ലൈനിന്‍റെ റൈറ്റ് ഓഫ് വേ 46 മീറ്ററാണ്. 2005 ആഗസ്റ്റില്‍ പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുകയും 2008 മാര്‍ച്ചില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ലൈന്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. 2008ല്‍ തുടങ്ങി 2010ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടന്നുവരവേ സ്ഥലമുടമകളുടെ പ്രതിഷേധം മൂലം തടസപ്പെട്ടിരുന്നു. ഉദുമല്‍പെട്ട്-പാലക്കാട് ലൈന്‍ തകരാറിലായാല്‍ കേരളം മുഴുവന്‍ ഇരുട്ടിലാകുമെന്ന അവസ്ഥ ഇനിയുണ്ടാകില്ല. വേനല്‍ വരള്‍ച്ചയില്‍ വൈദ്യുതി ക്ഷാമം അനുഭവപ്പെടുമ്പോള്‍ പുറമെ നിന്നും വൈദ്യുതി വാങ്ങിയാലും പ്രസരണ നഷ്ടംകൂടാതെ എത്തിക്കാനും കഴിയും. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ നവംബര്‍ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.