സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം, നിയമം ലംഘിച്ചാല്‍ പിഴ 10,000

സ്വന്തം ലേഖകന്‍

 

സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിന് കടുത്ത നിയന്ത്രണം. പ്ലാസ്റ്റിക് കാരിബാഗുകളും, മാലിന്യം ശേഖരിക്കാനുള്ള വലിയ ബാഗുകളും വലിയ പ്ലാസ്റ്റിക് കുപ്പികള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ എന്ന് വിലയിരുത്തിയാണ് നടപടി.

 

പുനരുപയോഗിക്കാന്‍ സാധിക്കാത്ത മുഴുവന്‍ പ്ലാസ്റ്റിക് വസ്തുക്കളുടെയും ഉപയോഗം നിരോധിക്കാനാണ് മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. മില്‍മയ്ക്കും ബിവറേജ് കോര്‍പ്പറേഷനും മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മില്‍മയും ബിവറേജ് കോര്‍പ്പറേഷനും ഉപയോഗിച്ച കുപ്പികള്‍ തിരികെ എടുക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. കുപ്പികള്‍ തിരികെ നല്‍കുന്ന ഉപഭോക്താവിന് പണം നല്‍കണമെന്നും മന്ത്രിസഭാ യോഗം നിര്‍ദ്ദേശിച്ചു.

 

300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിക്കാനാണ് മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉത്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ നല്‍കാനാണ് തീരുമാനം. ആദ്യ പിഴ 10000 രൂപയായാണ്. ഉപയോഗം ആവര്‍ത്തിച്ചാല്‍ അന്‍പതിനായിരം രൂപ പിഴയീടാക്കും.