ഉത്തരവാദിത്ത ടൂറിസം: കേരളം മാതൃക

കടകംപള്ളി സുരേന്ദ്രന്‍ (ടൂറിസം മന്ത്രി)

കേരളത്തിലെ വിനോദസഞ്ചാര മേഖല മാറ്റത്തിന്‍റെ പുതിയൊരു ചുവടുകൂടി വയ്ക്കുന്നു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി തുടങ്ങുന്ന ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഇന്നാട്ടിലെ സാധാരണക്കാരായ മനുഷ്യരെ കൂടി ടൂറിസത്തിന്‍റെ ഗുണഭോക്താക്കളാക്കുന്നതിനു വേണ്ടിയുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പാണ് .

സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ ടൂറിസം മേഖലയില്‍ സാധാരണ ജനങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഈ തരത്തിലുള്ള ഓണ്‍ ലൈന്‍ പ്ലാറ്റുഫോമുകള്‍ ഉണ്ടാകുന്നത് ഒരു പക്ഷെ ലോകത്തുതന്നെ ആദ്യമാണെന്ന് കരുതുന്നു. നാം ബദലുകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ ടൂറിസം മേഖലയിലെ പ്രായോഗിക ബദല്‍ മാതൃക ഇവിടെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ 13,547 യൂണിറ്റുകളില്‍ നിന്നായി 27,043 പ്രത്യക്ഷ ഗുണഭോക്താക്കളും 44,661 പരോക്ഷ ഗുണഭോക്താക്കളും ഈ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കുകളിലൂടെ വിനോദസഞ്ചാരമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നവരായി മാറുകയാണ്.

ഈ സര്‍ക്കാരിന്‍റെ ടൂറിസം നയം തന്നെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനത്തില്‍ അധിഷ്ടിതമാണ്. 2008 മുതല്‍ 2017 ജൂലൈ വരെ 197 ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകള്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിലൂടെ 867 പേര്‍ക്ക് പ്രത്യക്ഷമായും 3200 പേര്‍ക്ക് പരോക്ഷമായും വരുമാനം ലഭിച്ചിരുന്നു. ആ രംഗത്താണ് നാം ഒരു വര്‍ഷം കൊണ്ട് 5000 യൂണിറ്റുകള്‍ എന്ന ലക്ഷ്യം മുന്നോട്ടു വെച്ചത്. അങ്ങനെ 13547 യൂണിറ്റുകളും 27,043 പ്രത്യക്ഷ ഗുണഭോക്താക്കളും 44,661 പരോക്ഷ ഗുണഭോക്താക്കളും എന്ന മാറ്റം ഉണ്ടായി.10 വര്‍ഷം കൊണ്ട് 11 .50 കോടിരൂപയുടെ വരുമാനം പ്രാദേശിക സമൂഹത്തിനുണ്ടായ സ്ഥലത്തു ഒന്നര വര്‍ഷം കൊണ്ട് 6.75 കോടി രൂപയുടെ വരുമാനം പ്രാദേശിക ജനസമൂഹത്തിനുണ്ടാക്കാന്‍ ആയി എന്നത് ചെറിയ കാര്യമല്ല. ഒരു മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിലെ ടൂറിസം മേഖലയില്‍ സാധാരണക്കാര്‍ക്ക് ഈ നേട്ടം ഉണ്ടാക്കി കൊടുക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന് കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹമാണ്.

ഈയിടെ ഉത്ഘാടനം ചെയ്ത ആര്‍.ടി. ആര്‍ട്ട് ആന്‍റ് കള്‍ച്ചറല്‍ ഫോറം കേരളത്തിലെ എല്ലാ കലാപ്രവര്‍ത്തകരെയും നെറ്റ് വര്‍ക്ക് ചെയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥതയുള്ള വിനോദ സഞ്ചാര മേഖലയിലെ ആദ്യത്തെ പ്ലാറ്റ്ഫോമാണ്. ഓരോ കലാപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍, അവരുടെ കലാപരിപാടികളുടെ ചിത്രങ്ങളും വീഡിയോയും, അവരുടെ പരിപാടികള്‍ക്ക് ലഭ്യമാക്കേണ്ട തുക എന്നിവ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ പ്ലാറ്റ് ഫോം ആണിത് . ഇടനിലക്കാരില്ലാതെ ഓരോ കലാപ്രവര്‍ത്തകര്‍ക്കും വിനോദ സഞ്ചാര മേഖലയുമായും വിനോദ സഞ്ചാരികളുമായും ബന്ധപ്പെട്ടാനാകുന്ന ഒരു വലിയ നെറ്റ് വര്‍ക്കാണിത്.
കേരള റെസ്പോണ്സിബിള്‍ ടൂറിസം നെറ്റ് വര്‍ക്ക് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഇതേപോലെ പ്രാദേശിക ഉത്പന്നങ്ങളെ ടൂറിസം മേഖലയുമായും ടൂറിസ്റ്റുകളുമായും നേരിട്ട് ബന്ധിപ്പിക്കുന്നതാണ്. പച്ചക്കറിയും, പഴ വര്‍ഗ്ഗങ്ങളും, തേനും, പാലും, മുട്ടയും വാഴയിലയും കരിക്കും, ഓലയും, തഴപ്പായയും, കരകൗശല ഉത്പന്നങ്ങളും തുടങ്ങി ഇന്ന് കേരളത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമായി കുമരകം, വൈക്കം , വയനാട് , കോവളം, തേക്കടി , ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിറ്റുവന്ന പ്രാദേശിക ഉല്‍പ്പന്നങ്ങളും അവയുടെ വില്‍പ്പനയും എന്ന രീതി കേരളത്തിലെല്ലായിടത്തും വ്യാപിപ്പിക്കുകയാണ്. ഈ പറഞ്ഞ എല്ലാ ഉത്പന്നങ്ങളും ഉല്‍പ്പാദകന്‍ തന്നെ നേരിട്ട് അതിന്‍റെ വില സഹിതം ഈ സൈറ്റില്‍ പരസ്യപ്പെടുത്തുകയും അവ ആവശ്യക്കാര്‍ക്ക് വാങ്ങുകയും ചെയ്യാന്‍ കഴിയുന്ന അവസരമാണ് ഒരുങ്ങുന്നത്. അതോടൊപ്പം എല്ലാത്തരം കരകൗശല വസ്തുക്കളും, ഖാദി വസ്ത്രങ്ങളും, പ്രാദേശികമായി നെയ്യുന്ന മറ്റു വസ്ത്രങ്ങളും, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളും മണ്‍പാത്രങ്ങളും എല്ലാം ഉത്പാദകര്‍ തന്നെ നേരിട്ട് ര =ജിസ്റ്റര്‍ ചെയ്തു വില്‍പ്പന നടത്തുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഇവ പ്രാദേശികമായി വിറ്റഴിക്കാന്‍ വിവിധ ഷോപ്പുകളും ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കേരളത്തിലെ ചെറുകിട ഇടത്തരം സംരഭകള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കാന്‍ സഹായകമാകും. ഇടനിലക്കാരുടെ ചൂഷണത്തിനും ഇത് അറുതി വരുത്തും.

സര്‍ക്കാര്‍ അവതരിപ്പിച്ച മറ്റൊരു ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോം ആയ ഹ്യൂമന്‍ റിസോര്‍സ് ഡയറക്ടറി ഈ രംഗത്തെ എടുത്തുപറയത്തക്ക മറ്റൊരു ഇടപെടലാണ്.ടൂറിസം മേഖലകളിലെ നാട്ടുകാര്‍ എന്നും ഉയര്‍ത്തുന്ന പരാതിയാണ് തദ്ദേശവാസികള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നില്ല എന്നത്.എന്നാല്‍ ടൂറിസം സംരംഭകരാകട്ടെ തദ്ദേശവാസികളുടെ തൊഴില്‍ ലഭ്യമാക്കാന്‍ ആവശ്യത്തിനു ആളുകളെ ലഭിക്കുന്നില്ല എന്ന് പരാതിയാണ് ഉന്നയിക്കാറുള്ളതെന്നതാണ് ഇതിന്‍റെ വൈരുദ്ധ്യം. ഇതിനു കൃത്യമായ പരിഹാരം കണ്ടെത്താന്‍ ഉത്തരവാദിത്ത ടൂറിസം മിഷനോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിലവില്‍ വന്ന ഈ പ്ലാറ്റ് ഫോം ഇപ്പോള്‍ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്തതും പരിശീലനം ലഭിച്ചതുമായ ആട്ടോ , ടാക്സി ഡ്രൈവര്‍മാര്‍, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാര്‍, ഇലക്ട്രീഷ്യന്‍ , പ്ലംബര്‍, ഗാര്‍ഡനര്‍, തെങ്ങുകയറുന്നവര്‍, കര്‍ഷകര്‍, തയ്യല്‍ക്കാര്‍ എന്നിങ്ങനെ പ്രദേശത്തെ എല്ലാവിധ അസംഘടിത തൊഴില്‍ പ്രവര്‍ത്തകരെയും ഒരേ പ്ലാറ്റഫോമില്‍ കൊണ്ടുവരുന്ന പ്രവര്‍ത്തനമാണ്. ഓരോരുത്തര്‍ക്കും അവരുടെ തൊഴിലിനു ലഭ്യമാക്കേണ്ട വേതനം എത്രയെന്നും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടൂറിസം മേഖലയെ പ്രാദേശിക തൊഴിലുമായി ബന്ധിപ്പിക്കാന്‍ വലിയതോതില്‍ ഗുണം ചെയ്യും.

ലോക ടൂറിസത്തിനു മാതൃകയായി കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ മാറുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ലണ്ടനില്‍ ഈയിടെ സമാപിച്ച ഡബ്ലിയു ടി എം (വേള്‍ഡ് ട്രാവല്‍ മാര്‍ട്ട്)2018 ല്‍ കേരള ടൂറിസം രണ്ടു സുവര്‍ണ പുരസ്കാരങ്ങള്‍ നേടിയത് ഉത്തരവാദിത്ത ടൂറിസം രംഗത്ത് നാമുണ്ടാക്കിയ മുന്നേറ്റം മൂലമാണ്. 'ബെസ്ര് ഇന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം' എന്ന വിഭാഗത്തില്‍ ഗോള്‍ഡ് അവാര്‍ഡ് നേടിക്കൊണ്ട് കേരള ടൂറിസം ഈ വിഭാഗത്തിലെ പ്രഥമ അവാര്‍ഡ് ജേതാവായി. ആദ്യമായിട്ടാണ് 'ബെസ്ര് ഇന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം' എന്ന വിഭാഗത്തില്‍ ഒരു അന്താരാഷ്ട്ര പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. വേള്‍ഡ് റെസ്പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡ്സ് 2018 ലെ 'ബെസ്രറ് ഫോര്‍ മാനേജിങ് സക്സസ്' എന്ന വിഭാഗത്തില്‍ സുവര്‍ണ ചകോരം കരസ്ഥമാക്കിക്കൊണ്ടു കുമരത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ വീണ്ടും മികവിനുള്ള അംഗീകാരം സ്വന്തമാക്കി. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ചിട്ടയായ പ്രവര്‍ത്തങ്ങളുടെ ഫലമായാണ് കേരള ടൂറിസം വീണ്ടും ആഗോള തലത്തില്‍ അംഗീകാരം നേടിയിരിക്കുന്നത്.

2017 ജൂണ്‍ മാസത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നിലവില്‍ വന്നതിനു ശേഷം 3 അന്താരാഷ്ട്ര അവാര്‍ഡുകളും 3 നാഷണല്‍ അവാര്‍ഡുകളും ഉള്‍പ്പെടെ 6 അവാര്‍ഡുകളാണ് കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്നത് നിസ്സാരമല്ല. ലോകം ഈ കൊച്ചുകേരളത്തെ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ നല്ല മാതൃകയായി കാണും. ഉത്തരവാദിത്ത ടൂറിസത്തില്‍ നാം മുന്നോട്ടുവെക്കുന്ന ഈ പ്ലാറ്റ്ഫോമുകള്‍ ടൂറിസം മേഖലയിലെ ക്രിയാത്മകമായ ഇടപെടലായി രേഖപ്പെടുത്തപ്പെടുമെന്നതില്‍ സംശയമില്ല.