സ്വന്തം ലേഖകന്‍
തലസ്ഥാനത്തെ കര്‍ഷകര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ ഫാര്‍മര്‍ നോളെഡ്ജ് സെന്‍റര്‍ ആരംഭിക്കുന്നു. തിരുവനന്തപുരം ആനയറ മൊത്തവ്യാപാര വിപണിയില്‍ നിര്‍മ്മിക്കുന്ന നോളെഡ്ജ് സെന്‍ററിന്‍റെ ശിലാസ്ഥാപന കര്‍മ്മം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്ന വേളയില്‍ നോളെഡ്ജ് സെന്‍ററിലൂടെ നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിക്ക് അനുയോജ്യമായ കൃഷിരീതികള്‍, ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവ്, സംശയനിവാരണം, മാതൃകകൃഷിരീതികളുടെ പ്രദര്‍ശനം, പ്രായോഗിക പരിശീലനങ്ങള്‍ക്കുള്ള അവസരങ്ങള്‍ എന്നിവ നഗരത്തിലും ഗ്രാമത്തിലുമുള്ള ചെറുകിട കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സെന്‍റര്‍ സ്ഥാപിക്കുന്നത്. 80 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചെലവഴിക്കുന്നത്.
മൊത്ത വ്യാപാര വിപണി പരിസരത്തുള്ള കൃഷി ബിസിനസ്സ് കേന്ദ്രത്തോട് ചേര്‍ന്നാണ് നോളെഡ്ജ് സെന്‍റര്‍ പ്രവര്‍ത്തിക്കുക. പച്ചക്കറി, ഫലവൃക്ഷത്തൈകള്‍, വിത്തുകള്‍, ജൈവകീടനാശിനികള്‍, കാര്‍ഷികോപകരണങ്ങള്‍, ഗ്രോബാഗുകള്‍ എന്നിവ ഇവിടെ നിന്നു ലഭിക്കും. ഒപ്പം നോളെഡ്ജ് സെന്‍റര്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കര്‍ഷകര്‍ക്ക് ആവശ്യമായ വിവരങ്ങളും ലഭിക്കും. തലസ്ഥാനത്ത് കട്ട് വെജിറ്റബിള്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എ. എം. നീഡ്സ് എന്ന സ്ഥാപനമാണ് വി. എഫ്.പി. സി. കെയുമായി ഓണ്‍ലൈന്‍ വിതരണത്തിന് സഹകരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ മുറിച്ച പച്ചക്കറികള്‍ വീട്ടിലെത്തിക്കും. വ്യാപാരം മുഴുവന്‍ ഓണ്‍ലൈനിലൂടെയാകുന്ന സാഹചര്യമാണുള്ളതെന്നും ഓണ്‍ലൈന്‍ വിപണനം കര്‍ഷകര്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും കൃഷിമന്ത്രി പറഞ്ഞു. വി. എഫ്. പി. സി. കെയുടെ സി.ഇ. ഒ. ആരതി എല്‍. ആര്‍. അധ്യക്ഷത വഹിച്ചു. ഹോര്‍ട്ടികോര്‍പ്പ് ജനറല്‍ മാനേജര്‍ രജത, ബൈജു സൈമണ്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

