നാല് മണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍കോട് യാത്ര; സില്‍വര്‍ലൈനിന് അനുമതി

സ്വന്തം ലേഖകന്‍

 

നാല് മണിക്കൂറില്‍ തിരുവനന്തപുരംകാസര്‍കോട് യാത്ര സാധ്യമാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ലൈനിന് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കി. റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കേരള റെയില്‍വികസന കോര്‍പറേഷന് നിക്ഷേപ സമാഹരണവുമായി മുന്നോട്ടുപോകാന്‍ മന്ത്രാലയം അനുമതി നല്‍കി.

 

അന്തിമ അനുമതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ലഭിക്കും. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് പാതയാണ് നിര്‍മിക്കുന്നത്. കൊച്ചുവേളിയില്‍നിന്ന് കാസര്‍കോടുവരെ 532 കിലോമീറ്ററാണ് പാത നിര്‍മിക്കുന്നത്. 11 ജില്ലയിലൂടെ കടന്നുപോകുന്ന പാതയില്‍ പത്തു സ്റ്റേഷനുണ്ടാകും. കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍.

 

പദ്ധതി വിജയകരമായി നടപ്പാക്കാനാകുമെന്ന് കെആര്‍ഡിസിഎല്‍ ഒരു വര്‍ഷം നീണ്ട പ്രാഥമികസാധ്യതാപഠനത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയത്തിന്‍റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്ന് കെആര്‍ഡിസിഎല്‍ എംഡി വി അജിത് കുമാര്‍ പറഞ്ഞു.