കെ-ഫോണ്‍ പദ്ധതി: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

സ്വന്തം ലേഖകന്‍

 

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കെ-ഫോണ്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തില്‍ 50,000 കിലോമീറ്ററില്‍ സര്‍വ്വെ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിലെ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോ മീറ്ററില്‍ ഒപ്ക്ടിക്കല്‍ ഫൈബര്‍ വലിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ മുതല്‍ ടെക്നോപാര്‍ക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്‍റര്‍ വരെയുള്ള 11 കിലോ മീറ്റര്‍ ലൈനിലാണ് ഒപ്ക്ടിക്കല്‍ ഫൈബര്‍ വലിക്കുന്ന ജോലികള്‍ ആരംഭിച്ചത്. കെ.എസ്.ഇ.ബിയുടെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലൂടെയാണ് ഫൈബര്‍ ലൈനുകള്‍ വലിക്കുന്നത്.

 

പൈലറ്റ് പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആദ്യഘട്ടത്തില്‍ 30,000 കിലോ മീറ്റര്‍ ഒപ്ക്ടിക്കല്‍ ഫൈബര്‍ സംസ്ഥാനത്തുടനീളം വലിക്കും. സംസ്ഥാനത്തെ ഒറ്റപ്പെട്ട ഗ്രാമ പഞ്ചായത്തായ ഇടമലക്കുടി തുടങ്ങി, വയനാട്, ഇടുക്കി ഉള്‍പ്പെടെയുള്ള ഉള്‍ പ്രദേശങ്ങളിലും സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രണ്ടാം ഘട്ട നിര്‍മ്മാണത്തിലേക്ക് കടന്നത്. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്ത് സൗജന്യമായി ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കേണ്ട 10,000 സര്‍ക്കാര്‍ ഓഫീസുകള്‍ ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. ഇപ്പോള്‍ ആരംഭിച്ച ഒപ്ക്ടിക്കല്‍ ഫൈബര്‍ വലിക്കുന്നത് മാര്‍ച്ച് മാസത്തോടെ 10,000 കിലോ മീറ്ററും , ജൂണ്‍ മാസത്തോടെ 30,000 കിലോമീറ്ററും പൂര്‍ത്തീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്.