ഐ 20യുടെ പുതിയ പതിപ്പിറക്കാന്‍ ഹ്യുണ്ടായ്

സ്വന്തം ലേഖകന്‍

 

ഐ 20യുടെ പുതിയ പതിപ്പ് അവതരിപ്പിക്കാന്‍ ഹ്യുണ്ടായി. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ വാഹനം വിപണിയില്‍ എത്തുമെന്നാണ് റിപോര്‍ട്ടുകള്‍. പോളോ, ഹോണ്ട ജാസ്, മാരുതി ബലേനോ തുടങ്ങിയവരാണ് വിപണിയിലെ ഐ 20യുടെ മുഖ്യ എതിരാളികള്‍. എന്നാല്‍ ടാറ്റ ആള്‍ട്രോസ് കൂടി എത്തുന്നതോടെ മത്സരം കടുക്കും. ഈ സാഹചര്യത്തിലാണ് ഐ 20യുടെ മുഖംമിനുക്കാന്‍ കമ്പനി തീരുമാനിച്ചത്. ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയാകും വാഹനം എത്തുക. എന്നാല്‍ ഫീച്ചറുകളിലും കൂടുതല്‍ മാറ്റം വരുത്തിയേക്കും.

 

ഹ്യുണ്ടായി മോഡലുകളിലെ നിലവിലെ ഹൈലറ്റ് ഫീച്ചറായ ബ്ലുലിങ്ക് കണക്ടിവിറ്റി പുതിയ പതിപ്പിലും ഇടംപിടിച്ചേക്കും. ക്യാബിനിന് കൂടുതല്‍ ആഡംബരഭാവം നല്‍കുന്നതിനൊപ്പം കൂടുതല്‍ സ്ഥല സൗകര്യവും ഉള്‍പ്പെടുത്തിയേക്കും. ഹാച്ച്ബാക്കിന്‍റെ മുന്‍വശത്ത് ഒരു കാസ്കേഡിങ് ഗ്രില്ലും സ്ലീക്കര്‍ ഹെഡ്ലാമ്പുകളും ലഭ്യമാകും. അതോടൊപ്പം പരിഷ്കരിച്ച എല്‍.ഇ.ഡി. ടെയില്‍ ലാമ്പുകളും ബമ്പറും ഉപയോഗിച്ച് പിന്‍ഭാഗത്തെയും കമ്പനി നവീകരിച്ചേക്കും.

 

കൂടുതല്‍ സവിശേഷതകളോടെ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ പുതിയ പതിപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കും. വാഹനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്താലയിട്ടില്ല. പക്ഷേ നിലവിലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും വെന്യുവില്‍ നിന്നുള്ള 1.0 ലിറ്റര്‍ ടര്‍ബോ ജി.ഡി.ഐ. യൂണിറ്റും ഉള്‍പ്പെടുത്താനാണ് കൂടുതല്‍ സാധ്യത.