നമ്മള്‍ നമുക്കായി: വിദഗ്ധരുടെ ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു

സ്വന്തം ലേഖകന്‍

 

നവകേരളനിര്‍മാണത്തില്‍ വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണ അഭിപ്രായ ശേഖരണ പരിപാടിയായ 'നമ്മള്‍ നമുക്കായി'യുടെ ഭാഗമായി വിദഗ്ധര്‍ പങ്കെടുക്കുന്ന ദ്വിദിനശില്‍പശാല സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

കേരളത്തിന്‍റെ മുന്നോട്ടുപോക്കിനും നവകേരള നിര്‍മാണത്തിലും ഏറെ ഗുണകരമായ പരിപാടിയാണ് 'നമ്മള്‍ നമുക്കായി'. ചെറിയ കാലത്തിനുള്ളില്‍ വിവിധ ദുരന്തങ്ങളെ നേരിട്ട സംസ്ഥാനമാണിത്. കേരളത്തിന്‍റെ പ്രത്യേകതയായ ഐക്യത്തിലൂടെയാണ് നമ്മള്‍ അവ മറികടന്നത്. നവകേരള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തത്തോടെ നല്ല ഇടപെടല്‍ നടത്താനായിട്ടുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധര്‍ കൂടി ഇതുമായി സഹകരിക്കുമ്പോള്‍ ഈ പദ്ധതികള്‍ കൂടുതല്‍ നല്ലനിലയില്‍ എത്തിക്കാനാകും. ഇതിനായി എല്ലാ മേഖലകളിലും വിദഗ്ധാഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണ്. നിങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ച് മെച്ചപ്പെട്ടവ സ്വീകരിക്കും. കാലാവസ്ഥ, ദുരന്ത സാധ്യത തുടങ്ങിയവ കണക്കിലെടുത്താകണം നാടിന്‍റെ ശരിക്കുള്ള വികസന സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തേണ്ടത്. ഇക്കാര്യത്തിലാണ് വിദഗ്ധരുടെ പങ്കിന് പ്രാധാന്യമുള്ളത്. കേരള പുനര്‍നിര്‍മാണത്തിന്‍റെ തുടര്‍പ്രക്രിയകളിലും വിദഗ്ധരുടെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ഏതെല്ലാം മേഖലകളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നതില്‍ വിദഗ്ധാഭിപ്രായവും ശാസ്ത്രീയമായ നിഗമനങ്ങളും പ്രധാനമാണെന്ന് ചടങ്ങില്‍ സംസാരിച്ച റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: വി. വേണു, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ: ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടല്‍, സെന്‍ട്രല്‍ റെസിഡന്‍സി ഹോട്ടല്‍ എന്നിവിടങ്ങളിലായി ബുധനാഴ്ചയും വ്യാഴാഴ്ചയും നടന്ന ആശയസംവാദത്തില്‍ 120 ഓളം പേര്‍ പങ്കെടുത്തു. ഭൂവിനിയോഗം, കൃഷി, വാസസ്ഥലം, ഖനനം, ദുരന്തസാധ്യതാ പ്രദേശം, ജലപരിപാലനം, പ്രാദേശിക സമൂഹവും അതിജീവനവും, ഗതാഗതം സാങ്കേതികവിദ്യ, വനപരിപാലനം എന്നീ വിഷയങ്ങളിലായിരുന്നു ചര്‍ച്ച. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുളള അധ്യാപകര്‍, ഗവേഷകര്‍, വിവിധ വിഷയങ്ങളിലെ പണ്ഡിതര്‍, സംസ്ഥാനത്തെയും കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയ ക്ഷണിക്കപ്പെട്ടവരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.

 

ഒരേസമയം ഒന്‍പത് വേദികളിലായി നടക്കുന്ന ചര്‍ച്ചകളുടെ ക്രോഡീകരിച്ച ആശയങ്ങളാണ് ഓരോ സെഷന്‍റെയും ചെയര്‍മാന്‍മാര്‍ വ്യാഴാഴ്ച മാസ്കറ്റ് ഹോട്ടലിലെ പൊതുസംവാദവേദിയില്‍ അവതരിപ്പിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ദ്വിദിനശില്‍പശാലയുടെ ഏകോപനം. ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ സാരാംശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കും.