പത്തനാപുരത്ത് ജീവവായു ഉദ്യാനം തുടങ്ങും

സ്വന്തം ലേഖകന്‍

 

വനം വകുപ്പിന്‍റെ പത്തനാപുരത്തെ 12 ഏക്കര്‍ സ്ഥലത്ത് ജീവവായു ഉദ്യാനം (ഓക്സിജന്‍ പാര്‍ക്ക്) ആരംഭിക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. പുന്നല മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍റെയും പത്തനാപുരം വനശ്രീ ഇക്കോ ഷോപ്പിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മരങ്ങളും വള്ളിപ്പടര്‍പ്പുകളും വച്ചുപിടിപ്പിച്ച് വാക്ക്വേയോട് കൂടിയ പാര്‍ക്കാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ പദ്ധതി രേഖ നിര്‍മിക്കാന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടി സി യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കുറച്ച് സ്ഥലം നിബന്ധനകളോടെ വിട്ടുനല്‍കുന്ന കാര്യം പരിഗണിക്കും. വനത്തിനുള്ളിലൂടെ ആദിവാസി സങ്കേതങ്ങളിലേക്കുള്ള റോഡ് നിര്‍മാണത്തിന് അനുമതി നിഷേധിക്കില്ല.

 

ആദിവാസികള്‍ ജീവനോപാധിക്കായി വനവിഭവങ്ങള്‍ ശേഖരിക്കുന്നത് തടയില്ലെന്നും മന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള വന സംരക്ഷണത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. മാഞ്ചിയം പോലുള്ള വിദേശ മരങ്ങള്‍ ഇനി വനം വകുപ്പ് വച്ചുപിടിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ് വേണുഗോപാല്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി രാജീവ്, വൈസ് പ്രസിഡന്‍റ് സുനിത രാജേഷ്, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലതാ സോമരാജന്‍, പത്തനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എച്ച് നജീബ്, ഗ്രാമ പഞ്ചായത്തംഗം ഇ കെ നളിനാക്ഷന്‍, ഡെപ്യൂട്ടി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജ് പി മാത്തന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.