സ്വന്തം ലേഖകന്‍
ഏപ്രില്‍ 1 മുതല്‍ രാജ്യവ്യാപകമായി ബി എസ് എന്‍ എല്‍ 4ജി ലഭിച്ച് തുടങ്ങും. ഇതുസംബന്ധിച്ച് നടപടി ക്രമങ്ങള്‍ വേഗതയിലാക്കാന്‍ കോര്‍പറേറ്റ് ഓഫീസ് നിര്‍ദേശം നല്‍കി കഴിഞ്ഞു. ബി എസ് എന്‍ എല്‍ രക്ഷാ പാക്കേജിന്‍റെ ഭാഗമായാണ് 4 ജി സ്പെക്ള്‍ട്രം രാജ്യവ്യാപകമായി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തെ ഒരു ലക്ഷം ടവറുകള്‍ 4ജി ആയി മാറും. നിലവിലുള്ള 50,000 ടവറുകള്‍ അപ്ഡേറ്റ് ചെയ്യും. ഇതുകൂടാതെ 50,000 ടവറുകളില്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കും. ടവറുകള്‍ ആധുനീകരിക്കാനുള്ള സമയത്തിന്‍റെ കാലാവധി അനുസരിച്ചാണ് ഏപ്രില്‍ 1 വരെയാക്കിയത്.
നിലവില്‍ കേരളമടക്കം കുറച്ച് സ്ഥലങ്ങളില്‍ ലഭ്യമാക്കിയ മാതൃക അനുസരിച്ചാവും രാജ്യവ്യാപകമായി ഇത് പ്രവര്‍ത്തനമാരംഭിക്കുക. ഫോണ്‍ വിളികള്‍ക്ക് 2ജിയും ഡാറ്റ ഉപയോഗത്തിനു 4ജിയും എന്നതായിരുന്നു ഇവിടങ്ങളിലെ മാതൃക. ഇത് വരുമാനത്തില്‍ വര്‍ധനവ് വരുത്തിയെന്ന് റിപ്പോര്‍ട്ട് വന്നതോടെയാണ് ഈ മാതൃകയില്‍ രാജ്യവ്യാപകമായും ഇത് നടപ്പിലാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

