റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 പരമ്പര 14ന് ആരംഭിക്കും

സ്വന്തം ലേഖകന്‍

 

ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപും സംയുക്തമായി സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 പരമ്പരയിലെ ആദ്യ ഹാക്കത്തോണ്‍ 14ന് തിരുവനന്തപുരത്ത് തുടങ്ങും. വിവിധ വകുപ്പുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് 36 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന ഹാക്കത്തോണുകളില്‍ വിദ്യാര്‍ഥികള്‍ പരിഹാരങ്ങള്‍ കണ്ടെത്തും.

 

തിരഞ്ഞെടുക്കപ്പെടുന്ന പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും. വിദ്യാര്‍ഥികളില്‍ പ്രശ്ന പരിഹാരങ്ങള്‍ക്കുള്ള കഴിവും നവീന ആശയങ്ങള്‍ വളര്‍ത്തുവാനും ഹാക്കത്തോണ്‍ വഴി കഴിയും. മികവുറ്റവരെ നിയമിക്കാന്‍ പ്രമുഖ കമ്പനികള്‍ ഹാക്കത്തോണില്‍ എത്തുന്നുണ്ട്.

 

പത്ത് പ്രാദേശിക ഹാക്കത്തോണും ഗ്രാന്‍റ് ഫിനാലയുമാണ് റീബൂട്ട് കേരളയിലുണ്ടാകുക. 14 വകുപ്പുകളിലെ വിവിധ പ്രശ്നങ്ങളാണ് പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ക്ക് നല്‍കുക. 14മുതല്‍ മാര്‍ച്ച് 15 വരെ പത്ത് ജില്ലകളിലായാണ് പ്രാദേശിക ഹാക്കത്തോണുകള്‍ നടക്കുക. 30 ടീമുകളാണ് ഓരോ സ്ഥലത്തും മത്സരിക്കുക. സാങ്കേതിക വിദഗ്ദ്ധര്‍, വകുപ്പ് പ്രതിനിധികള്‍, സോഷ്യല്‍ എന്‍ജിനിയര്‍ എന്നിവരടങ്ങുന്ന സമിതിയാണ് വിധി നിര്‍ണ്ണയിക്കുക. വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 50000, 30000, 20000 രൂപ വീതം സമ്മാനം ലഭിക്കും. മാര്‍ച്ച് 27 മുതല്‍ 29 വരെ തിരുവനന്തപുരത്താണ് ഗ്രാന്‍റ് ഫിനാലെ.

 

നിയമസഭാ മീഡിയാ റൂമില്‍ റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 യുടെ പൊസ്റ്റര്‍ മന്ത്രി കെ.ടി. ജലീല്‍ അസാപ് സി.ഇ.ഒ വീണ.എന്‍.മാധവന് നല്‍കി പ്രകാശനം ചെയ്തു. ഒന്നാം ഹാക്കത്തോണ്‍ ഫെബ്രുവരി 14 മുതല്‍ 16 വരെ തിരുവനന്തപുരം എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടക്കും.

 

രണ്ടും മൂന്നും ഹാക്കത്തോണുകള്‍ ഫെബ്രുവരി 21 മുതല്‍ 23 വരെ മലപ്പുറം എ.കെ.എന്‍.എം ഗവ. പോളിടെക്നിക്ക് കോളേജിലും കോഴിക്കോട് എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും നടക്കും. നാലും അഞ്ചും ആറും ഹാക്കത്തോണുകള്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ആലപ്പുഴ, തൃശ്ശൂര്‍ ഹോളി ഗ്രേസ് അക്കാദമി, പാലക്കാട് ജവഹര്‍ലാല്‍ കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി എന്നിവിടങ്ങളില്‍ നടക്കും.

 

ഏഴും എട്ടും ഹാക്കത്തോണുകള്‍ മാര്‍ച്ച് ആറ് മുതല്‍ എട്ട് വരെ അങ്കമാലി ഫിസാറ്റിലും കാസര്‍കോട് പെരിയ ഗവ. പോളിടെക്നിക്ക് കോളേജിലും നടക്കും. ഒന്‍പതും പത്തും ഹാക്കത്തോണുകള്‍ മാര്‍ച്ച് 13 മുതല്‍ 15 വരെ തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലും ഇടുക്കി കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലും നടക്കും.