ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍റര്‍: 33 വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് രണ്ട് ലക്ഷത്തോളം കാളുകള്‍

സ്വന്തം ലേഖകന്‍

 

നോര്‍ക്ക റൂട്ട് പ്രവാസികള്‍ക്കായി ആരംഭിച്ച ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍റര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററില്‍ 33 വിദേശരാജ്യങ്ങളില്‍ നിന്ന് 1,77,685 കാളുകളും വെബ്സൈറ്റ് മുഖേന 37,255 ചാറ്റുകളും ലഭിച്ചു. നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റ് മുഖേന 2,320 പരാതികളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15 ന് ദുബായില്‍ നടന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നും നോര്‍ക്കയുടെ സേവനങ്ങള്‍ ആവശ്യപ്പെടാനും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും കോണ്‍ടാക്റ്റ് സെന്‍റര്‍ വഴി സാധിക്കും. അന്താരാഷ്ട്ര ടോള്‍ ഫ്രീ നമ്പരായ 0091 8802012345 വഴിയാണ് സേവനങ്ങള്‍ ലഭിക്കുക. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിളിക്കുന്നവര്‍ക്ക് 1800 425 3939 ലും സേവനം ലഭിക്കും.

 

ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കാളുകള്‍ ലഭിച്ചത്. ഇതിനു പുറമേ ഖത്തര്‍, കുവൈറ്റ്, ബഹറിന്‍, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ഒമാന്‍, ജര്‍മ്മനി, തുര്‍ക്കിമിനിസ്ഥാന്‍, ഇറാന്‍, ഉത്തര കൊറിയ, മലേഷ്യ, ശ്രീലങ്ക, യു.കെ, യു.എസ്.എ, കമ്പോഡിയ, ജോര്‍ജ്ജിയ, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍റ്, ലാവോസ്, മ്യാന്‍മാര്‍, ഫിലിപൈന്‍സ്, റഷ്യ, തെക്കന്‍ കൊറിയ, സ്പെയിന്‍, തായ്വാന്‍, തജികിസ്ഥാന്‍, തായ്ലന്‍റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കാളുകള്‍ ലഭിച്ചിട്ടുണ്ട്. പ്രവാസികളുടെ അന്വേഷണങ്ങള്‍ക്ക് തല്‍സമയം മറുപടി നല്‍കുന്നതിലൂടെ അവര്‍ക്ക് ആശ്വാസപ്രദവും പ്രയോജനകരവുമായ പദ്ധതിയായി മാറിയ ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനം നടക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.