സ്വന്തം ലേഖകന്‍
ചരക്ക്, യാത്രാ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കുന്ന ഹൈപ്പര്‍ലൂപ് അതിവേഗ ട്രയിന്‍ ഗതാഗത സംവിധാനം നടപ്പാക്കാന്‍ സൗദി ഒരുങ്ങുന്നു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ റിയാദില്‍നിന്ന് 48 മിനിറ്റിനകം അബൂദബിയിലെത്താം. 46 മിനിറ്റിനുള്ളില്‍ റിയാദില്‍നിന്ന് ജിദ്ദയിലേക്കും 40 മിനിറ്റിനകം ജിദ്ദയില്‍നിന്ന് നിയോമിലേക്കും 28 മിനിറ്റിനുള്ളില്‍ റിയാദില്‍നിന്ന് ദമ്മാമിലേക്കും ജുബൈലിലേക്കും യാത്ര ചെയ്യാനാകും. ഇതേക്കുറിച്ച് പഠനം നടത്താനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ് വണ്‍ കമ്പനിയുമായി ഗതാഗത മന്ത്രാലയം കരാറില്‍ ഒപ്പുവെച്ചു.
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈപ്പര്‍ലൂപ് ട്രാക്ക് നിര്‍മിച്ച് അതിലൂടെ ട്രെയിന്‍ ഓടിക്കുന്നതാണ് പദ്ധതി. ഇതിനായി വിവിധ മേഖലകളെ കേന്ദ്രീകരിച്ച് വിശദമായ പഠനം നടത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ലോകത്തെ പ്രമുഖ ഹൈപ്പര്‍ലൂപ് കമ്പനിയായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ് വണ്ണുമായാണ് ഇതിനായി കൈകോര്‍ക്കുന്നത്. ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സൗദി.

