സ്വന്തം ലേഖകന്‍
ഇന്ത്യന്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് മാരുതി ജിംനി. കോംപാക്ട് ത്രീ-ഡോര്‍ ഓഫ്-റോഡര്‍ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചപ്പോള്‍ വളരെയധികം മികച്ച പ്രതികരണമാണ് ലഭിച്ചത്. യൂറോപ്യന്‍ വിപണിയിലുള്ള സിയറ പതിപ്പിനെയാണ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്. ജനപ്രിയ മോഡലായ ജിപ്സിയുടെ പിന്‍ഗാമിയാണ് നാലാം തലമുറ ജിംനി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സുസുക്കി ജിംനി ഈ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു നെക്സ ഉല്‍പ്പന്നമായിട്ടല്ല, മറിച്ച് മാരുതി സുസുക്കി അരീന മോഡലായാകും എത്തുക. ഇതിനെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മാരുതി ഡീലര്‍ഷിപ്പുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
എങ്കിലും എസ്യുവിയുടെ ആഭ്യന്തര വിപണിയിലെ അരങ്ങേറ്റം 5-ഡോര്‍ ഫോര്‍മാറ്റിലായിരിക്കുമെന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഇങ്ങനെയെങ്കില്‍, മിനി എസ്യുവിയുടെ മനോഹാരിത നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചേക്കില്ല. നിലവില്‍ എല്ലാ ഡ്രൈവിംഗ് സാഹചര്യത്തിന് അനുയോജ്യമായ രീതിയിലാണ് കോംപാക്ട്, ത്രീ-ഡോര്‍ ജിംനി ഒരുക്കിയിരിക്കുന്നത്.
സുരക്ഷക്കായി രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ പ്രോഗ്രാം എന്നിവ ജിംനി എസ്യുവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ 'സുസുക്കി സേഫ്റ്റി സപ്പോര്‍ട്ട്' എന്നറിയപ്പെടുന്ന പുതിയ സുരക്ഷാ സ്യൂട്ടും കമ്പനി വാഹനത്തില്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ എത്തിയാല്‍ ഏകദേശം ഏഴ് മുതല്‍ എട്ട് ലക്ഷം രൂപ വരെയായിരിക്കും ജിംനിയുടെ എക്സ്ഷോറൂം വില.

