അവകാശികളില്ലാത്ത നിക്ഷേപം കേന്ദ്ര ക്ഷേമനിധിയിലേക്ക്

സ്വന്തം ലേഖകന്‍

 

പോസ്റ്റ് ഓഫിസുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന ലക്ഷക്കണക്കിനു നിക്ഷേപങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ടിലേക്കു മാറ്റാന്‍ നടപടി. കേരളത്തില്‍ നിന്നു മാത്രം 6 ലക്ഷത്തിലേറെ നിക്ഷേപങ്ങളില്‍ നിന്നായി കോടിക്കണക്കിനു രൂപയാകും ഇത്തരത്തില്‍ മാറ്റുന്നത്. 10 വര്‍ഷത്തിലേറെയായി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിവിധ നിക്ഷേപങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവകാശികള്‍ എത്തിയില്ലെങ്കില്‍ ഈ തുക ക്ഷേമനിധിയിലേക്കു മാറ്റും.

 

കിസാന്‍ വികാസ് പത്രയില്‍ ഉത്തര മലബാറില്‍ നിന്നുള്ളവരാണു കൂടുതല്‍. 100 രൂപ മുതല്‍ ചെറിയ തുകകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ പിന്നീട് ഇക്കാര്യം മറന്നതാകുമെന്നാണു വിലയിരുത്തല്‍. മരണം, സ്ഥലംമാറ്റം തുടങ്ങിയ കാരണങ്ങളും അവകാശം ഉന്നയിക്കപ്പെടാത്ത നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഒരുക്കാനാണു സാമൂഹിക നീതി വകുപ്പിന്‍റെ കീഴിലുള്ള ക്ഷേമനിധി ഉപയോഗിക്കുക.