കോവിഡ് 19: ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് ട്വിറ്റര്‍

സ്വന്തം ലേഖകന്‍

 

60 ഓളം രാജ്യങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജോലി സംബന്ധിച്ച് ജീവനക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ട്വിറ്റര്‍. രോഗവ്യാപനത്തിനെതിരായ പ്രതിരോധമെന്നോണം ജീവനക്കാര്‍ താത്ക്കാലികമായി വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് കമ്പനി നിര്‍ദേശം. ലോകവ്യാപകമായി 5000ത്തോളം ജീവനക്കാരാണ് ട്വിറ്ററിനുള്ളത്. ഹോങ് കോങ്, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്കാണ് കര്‍ശന നിര്‍ദേശമുള്ളത്.

 

കൊവിഡ് രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ ബിസിനസ് യാത്രകളും കോണ്‍ഫറന്‍സുകളിലും കഴിഞ്ഞ ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ്19 ന്‍റെ വ്യാപനം തടയുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് ട്വിറ്ററിന്‍റെ ഹ്യൂമണ്‍ റിസോര്‍സ് ഹെഡായ ജെനിഫര്‍ ക്രിസ്റ്റി പറഞ്ഞത്. നേരത്തെ ട്വിറ്ററിന്‍റെ ചീഫ് എക്സിക്യൂട്ടീവ് കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആറ് മാസത്തേക്ക് ആഫ്രിക്കയില്‍ തന്നെ തങ്ങുകയാണെന്ന് അറിയിച്ചിരുന്നു.