സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റാൻ മന്ത്രിസഭാ തീരുമാനം. റംസാൻ പ്രമാണിച്ചാണ് ജൂൺ മൂന്നിന് തുറക്കാനിരുന്നത് ആറിലേക്ക് മാറ്റിയത്. ജൂൺ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാൾ ആവാൻ സാധ്യതയുള്ളതിനാൽ സ്‌കൂൾ തുറക്കൽ തീയതി മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു.

പ്രതിപക്ഷ നേതാക്കൾ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നൽകിയിരുന്നു. ജൂൺ മൂന്നിന് മധ്യവേനൽ അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് നേതാക്കളായ ഡോ. എംകെ മുനീര്‍, പിജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നൽകിയത്.