സ്വന്തം ലേഖകന്‍
തലസ്ഥാന നഗരിയില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് ഇനി താമസിക്കാന്‍ സുരക്ഷിതമായ സ്ഥലമില്ലെന്ന ആശങ്ക വേണ്ട. സ്ത്രീകള്‍ക്കായി നഗരകേന്ദ്രമായ തമ്പാനൂര്‍ ബസ് ടെര്‍മിനലിന്‍റെ എട്ടാം നിലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വണ്‍ ഡേ ഹോം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷ, ചികിത്സ പോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ നഗരത്തിലെത്തുന്ന സത്രീകള്‍ക്ക് സുരക്ഷിതമായി തങ്ങാന്‍ ലക്ഷ്യമിട്ടാണ് വണ്‍ ഡേ ഹോമിന് തുടക്കം കുറിച്ചതെന്നും ഇത് ക്രമേണ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
യാത്രാ വേളകളിലെ ബുദ്ധിമുട്ടുകള്‍ പരിഹരിച്ച പോലെ സ്ത്രീകളുടെ ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്. തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ക്കും തൊഴില്‍ജന്യ രോഗങ്ങള്‍ നേരിടാനും ശ്രമം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ആദ്യമായാണ് വണ്‍ ഡേ ഹോം ആരംഭിക്കുന്നത്. വനിത ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭയുമായി സംയോജിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. പെണ്‍കുട്ടികള്‍ക്കും അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആണ്‍കുട്ടികള്‍ക്കും വണ്‍ ഡേ ഹോമില്‍ പരമാവധി മൂന്നു ദിവസം വരെ തങ്ങാനാകും. ആറ് ക്യുബിക്കിളും 25 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററിയുമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. എയര്‍കണ്ടീഷന്‍ സൗകര്യം, ഡ്രെസിംഗ് റൂം, ശുചിമുറികള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ ഉണ്ട്. ഡോര്‍മിറ്ററിക്ക പ്രതിദിനം 150 രൂപയും ക്യുബിക്കിളിന് 250 രൂപയും ചാര്‍ജ് ഈടാക്കും. പ്രവേശനത്തിന് അഡ്വാന്‍സ് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല.
പ്രവേശന സമയത്ത് തിരുവനന്തപുരത്ത് എത്തിയതിന്‍റെ കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തണം. അഡ്മിഷന്‍ സമയത്ത് ഒറിജിനല്‍ ഐഡി പ്രൂഫ് ഹാജരാക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ മൂന്ന് ദിവസം വരെ പ്രവേശനം അനുവദിക്കും. സാമൂഹ്യനീതി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തന്നെ ഇതിനകം സ്ത്രീകള്‍ക്കുള്ള രാത്രികാല അഭയ കേന്ദ്രമായ എന്‍റെ കൂട് കേന്ദ്രത്തോടു ചേര്‍ന്നാണ് വണ്‍ ഡേ ഹോമും പ്രവര്‍ത്തിക്കുന്നത്.

