കൊവിഡ് 19: ഇന്ത്യയില്‍ സാമൂഹിക പകര്‍ച്ചക്കുള്ള സാധ്യതയില്ലെന്ന് ഐ സി എം ആര്‍

സ്വന്തം ലേഖകന്‍

 

കൊവിഡ് 19ഉമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. രാജ്യത്ത് വൈറസിന്‍റെ മൂന്നാം ഘട്ടമായ സാമൂഹികമായ പകര്‍ച്ചക്കുള്ള സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്‍റെ (ഐ സി എം ആര്‍) വിലയിരുത്തല്‍. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ശേഖരിച്ച റാന്‍ഡം സാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് ഐ സി എം ആര്‍ ഈ നിഗമനത്തിലെത്തിയത്. പരിശോധനാ ഫലങ്ങള്‍ എല്ലാം നെഗറ്റീവാണെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

 

166 കൊവിഡ് 19 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു വ്യക്തി കൊവിഡ് പോസിറ്റീവാകുകയും എന്നാല്‍ അതിന്‍റെ ഉറവിടം കണ്ടെത്താന്‍ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് കഴിയാതെ വരികയും ചെയ്യുന്നതോടെയാണ് വൈറസ് അതിന്‍റെ മൂന്നാം ഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് കടക്കുന്നത്. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ അസുഖം ബാധിച്ചതറിയാതെ സമൂഹത്തില്‍ ഇടപഴകുന്നതോടെയാണ് വൈറസ് വ്യാപിക്കുന്നത്.