കറണ്ട് ബില്ല് അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം; പിഴ ഈടാക്കില്ല

സ്വന്തം ലേഖകന്‍

 

വൈദ്യുതി ബില്ല് അടയ്ക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഒരുമാസത്തെ സാവകാശം നല്‍കാന്‍ തീരുമാനിച്ചു. വൈദ്യുതി മന്ത്രി എം എം മണിയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി എം എം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

 

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് വൈദ്യുതി ബില്ല് അടയ്ക്കാന്‍ സാവകാശം നല്‍കുന്നതെന്ന് മന്ത്രി എം എം മണി അറിയിച്ചു. വ്യവസാ വാണിജ്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഒരുമാസത്തെ സാവകാശം നല്‍കുന്നതിന് പുറമേ ഈ കാലയളവില്‍ പിഴയടക്കമുള്ള നടപടികളും ഉണ്ടാകില്ലെന്നും മന്ത്രി എം എം മണി വ്യക്തമാക്കി. ഉത്തരവ് ഇന്ന് നിലവില്‍ വരും.