കേരളത്തില്‍ പഞ്ചായത്തുകള്‍തോറും കമ്യൂണിറ്റി കിച്ചന്‍

സ്വന്തം ലേഖകന്‍

 

രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്നും അതിനുള്ള എല്ലാ സംവിധാനവും സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളിലൂടെ ചെയ്യുമെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

വീട്ടില്‍ കഴിയുന്ന ആരും പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും. ഭക്ഷണം തദേശ സ്ഥാപനം ഉറപ്പാക്കണം. പഞ്ചായത്തു തോറും കമ്മ്യൂണിറ്റി കിച്ചന്‍ ഉണ്ടാക്കണം. പഞ്ചായത്തുകള്‍ കണക്ക് ശേഖരിക്കണം. ഭക്ഷണം വേണ്ടവര്‍ക്ക് വിളിച്ചു പറയാന്‍ ഒരു ഫോണ് നമ്പര്‍ ഉണ്ടാക്കണം. വിതരണം ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പാക്കണം. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ശ്രദ്ധ ഉണ്ടാകണം.

 

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെതന്നെ അരിയും ഭക്ഷ്യവസ്തുക്കളും നല്‍കും. മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ഓരോരുത്തര്‍ക്കും നല്‍കും. ഒരു കുടുംബവും പട്ടിണികിടക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ സമൂഹം ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഇപ്പോള്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് എന്നിവയില്‍ കണ്ടറിഞ്ഞുള്ള ഇടപെടലുണ്ടാകും. കേരളത്തില്‍ ആകെയുള്ള പ്രശ്നങ്ങള്‍ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ ഇരുന്ന് പരിഹരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണു വികേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നത്. കൂടുതല്‍ പേരെ സന്നദ്ധ പ്രവര്‍ത്തനത്തിനായി കണ്ടെത്തും. ആവശ്യത്തിന് അനുസൃതമായി ഇവരെ കണ്ടെത്തും. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.